കല്ലാച്ചിയിൽ ബേക്കറിക്കെതിരെ നടപടി
text_fieldsനാദാപുരം: ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാത്ത ബേക്കറിക്കെതിരെ നടപടി. കല്ലാച്ചിയിലെ ടോപ്സി ബേക്കറിയുടെയും ബേക്കിങ് യൂനിറ്റിന്റെയും കൂൾബാറിന്റെയും പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. ബേക്കറിയിൽ കഴിഞ്ഞദിവസം നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ സ്ഥാപനം പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഷോപ്പിനുള്ളിൽ ഭക്ഷ്യവിഷബാധ ഉണ്ടാവാൻ സാഹചര്യമുള്ള രീതിയിൽ മാസങ്ങളോളം പഴക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ കാണപ്പെട്ടു. നിരോധിച്ച കളറുകൾ, പഴക്കമുള്ള എണ്ണകൾ എന്നിവ ഉപയോഗിച്ച് ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്നതായും കണ്ടെത്തി. ബേക്കിങ് യൂനിറ്റിൽ ജല ഗുണനിലവാര പരിശോധന നടത്താത്ത വെള്ളമാണ് ഉപയോഗിച്ചിരുന്നത്.
തൊഴിലാളികൾക്ക് പകർച്ചവ്യാധികൾ ഇല്ല എന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. മാരകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും വർഷങ്ങളോളം പഴക്കമുള്ള തുരുമ്പെടുത്ത ട്രേകളിലുമാണ് കേക്ക്, റൊട്ടി എന്നിവ ഉണ്ടാക്കുന്നതായി കണ്ടെത്തിയത്.
സ്ഥാപനത്തിലെ ന്യൂനതകൾ പരിഹരിച്ചു മാത്രമേ സ്ഥാപനം തുറക്കാവൂ എന്ന് സ്ഥാപനം ഉടമക്ക് നിർദേശം നൽകിയെങ്കിലും ആരോഗ്യ വിഭാഗത്തിന്റെ നിർദേശം അവഗണിച്ചുകൊണ്ട് സ്ഥാപനം തുറന്നു പ്രവർത്തിക്കുകയായിരുന്നു.
സംഭവം വീണ്ടും നാട്ടുകാർ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്നാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് നൽകിയത്. പരിശോധനക്ക് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ പി.കെ. പ്രീജിത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.