മാലിന്യം തള്ളുന്നതിനെതിരെ നടപടി തുടങ്ങി
text_fieldsനാദാപുരം: ആരോഗ്യ ഭീഷണി ഉയർത്തി മാലിന്യം നിക്ഷേപിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ ആരോഗ്യ വകുപ്പ് നടപടിയെടുത്തു. 36 മണിക്കൂറിനുള്ളിൽ മാലിന്യം ശാസ്ത്രീയമായി നീക്കി സംസ്കരിച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥലം ഉടമക്ക് നോട്ടീസ് നൽകി. പുറമേരി പഞ്ചായത്തിലെ 15ാം വാർഡിലെ നിടിയപാറയിലെ സ്ഥലം ഉടമക്കെതിരെയാണ് നാട്ടുകാർ പരാതി നൽകിയത്.
സ്ഥലം ഉടമയായ ദിനേശൻ എന്നയാൾ സമീപ സ്ഥലങ്ങളിൽനിന്ന് കൊണ്ടുവരുന്ന വിവിധയിനം മാലിന്യങ്ങൾ പാറക്കുളത്തിൽ നിക്ഷേപിച്ച് ആരോഗ്യ പ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇടയാക്കുന്നുവെന്ന് കാണിച്ച് സമീപവാസികൾ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി കാര്യങ്ങൾ ബോധ്യപ്പെട്ടിരുന്നു.
വിവിധ സ്ഥലങ്ങളിൽനിന്ന് പഴകിയ പ്ലാസ്റ്റിക് സഞ്ചികൾ, പഴയ കുപ്പികൾ, തൊണ്ടുകൾ, ഉപയോഗിച്ച പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ്, തെങ്ങിൻകുറ്റികൾ എന്നിവ പാറക്കുളത്തിൽ നിക്ഷേപിച്ചെന്ന് കണ്ടെത്തി. മാലിന്യങ്ങൾ ലോറികളിൽ രാത്രികാലങ്ങളിൽ എത്തിക്കുകയും പാറക്കുളത്തിൽ നിക്ഷേപിക്കുകയുമാണ്. ഇതിന് ചാക്കിനു തുക ഈടാക്കുകയും ചെയ്യുന്നതായി പരിസരവാസികൾ പറഞ്ഞു.
സ്ഥലം ഉടമയായ ദിനേശിനെ കാണാൻ ഉദ്യോഗസ്ഥസംഘം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വീട്ടുപടിക്കൽ നോട്ടീസ് പതിക്കുകയായിരുന്നു.
ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ സി.കെ. ജിതേഷ്, എ.കെ. പ്രകാശൻ, യു.പി. അരുൺരാജ് എന്നിവർ നേതൃത്വം നൽകി.
മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നവർക്കെതിരെയും പകർച്ചവ്യാധികൾക്ക് കാരണമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം. രാമചന്ദ്രനും പുറമേരി ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ പ്രദോഷ് കുമാറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.