നിയമലംഘനം നടത്തി ഓടിയ ബസുകൾക്കെതിരെ നടപടി
text_fieldsകോഴിക്കോട്: നഗരത്തിൽ അടുത്തിടെ ഉണ്ടായ ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബി. ഷെഫീക്കിന്റെ നിർദേശ പ്രകാരം ജില്ലയിൽ ഉദ്യോഗസ്ഥർ രണ്ടു ദിവസമായി നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനം കണ്ടെത്തി. പല വാഹനങ്ങളുടെയും എമർജൻസി വാതിലുകൾ തടസ്സപ്പെടുത്തി സീറ്റുകൾ പിടിപ്പിച്ചിരിക്കുന്നതായും നിരോധിച്ച എയർ ഹോണുകൾ, ലൈറ്റുകൾ എന്നിവ സ്ഥാപിച്ചിരിക്കുന്നതും കണ്ടെത്തി. ഗുരുതരമായ തകരാറുകൾ കണ്ടെത്തിയ ആറ് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി.
തകരാറുകൾ കണ്ടെത്തിയ വാഹനങ്ങൾ എത്രയുംവേഗം അപാകതകൾ പരിഹരിച്ചതിനു ശേഷം മാത്രം സർവിസ് നടത്താൻ ആർ.ടി.ഒ നിർദേശം നൽകി. വരുന്ന ദിവസങ്ങളിൽ പരിശോധന ഇനിയും കർശനമായി തുടരും എന്നും ആർ.ടി.ഒ അറിയിച്ചു.
പിടികൂടിയത് നിരവധി ബസുകൾ
48 ബസിൽ സ്പീഡ് ഗവർണറുകൾ വിച്ഛേദിച്ചതായി കണ്ടെത്തി. 54 എയർ ഹോൺ പിടിപ്പിച്ചു. അത് അഴിച്ചുമാറ്റാൻ ഉള്ള നിർദേശം നൽകി. എമർജൻസി എക്സിറ്റ് ബ്ലോക്ക് ചെയ്ത 27 വാഹനങ്ങളുടെ എമർജൻസി എക്സിറ്റ് തിരിച്ച് ഓപൺ ആക്കുന്ന പ്രവർത്തനം നടത്തി. വാഹനങ്ങൾ വീണ്ടും കാണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എക്സ്ട്രാ ലൈറ്റുകൾ വാഹനങ്ങളുടെ മുന്നിൽ ഫിറ്റ് ചെയ്തത് 20 എണ്ണം അഴിച്ചുമാറ്റി. 10 വാഹനങ്ങൾ ടയറുകൾ കട്ട ഇല്ലാത്ത രീതിയിൽ കാണുകയും അതിനെ റീപ്ലേസ് ചെയ്യാനുള്ള നിർദേശം നൽകി. അതുകൂടാതെ വാഹനം റോഡിൽ ഓടാൻ ഒരുവിധ മെക്കാനിക്കൽ കണ്ടീഷനും ഇല്ലാത്ത അഞ്ചു വാഹനങ്ങൾ ഫിറ്റ്നസ് റദ്ദ് ചെയ്തു. ഈ വാഹനങ്ങളുടെ ഫിറ്റ്നസ് വീണ്ടും പരിശോധിക്കുന്നതാണ്. തകരാറുകൾ മാറ്റി വാഹനം 14 ദിവസത്തിനുള്ളിൽ അതത് ആർ.ടി.ഒ മുമ്പാകെ കാണിക്കാൻ ആവശ്യമായ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.