ആദവ് മിംസ് ചിരി സമ്മാനിക്കുന്നു, സഹായിച്ചവർക്കെല്ലാം
text_fieldsകോഴിക്കോട്: ‘എനിക്ക് ഇവനെ നിങ്ങൾ തന്നതല്ലേ, ഇങ്ങനെ ജീവനോടെ കിട്ടുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല, അത്രമാത്രം പേടിയായിരുന്നു. അഞ്ചാംമാസംതൊട്ട് തീ തിന്നുകയായിരുന്നില്ലേ’ കോഴിക്കോട് മിംസ് ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി സീനിയർ കൺസൽട്ടന്റ് ഡോ. രേണു പി. കുറുപ്പ് മൂന്നാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്ന ആദവ് മിംസിനെ കാണാൻ വീട്ടിലെത്തിയപ്പോൾ കൂട്ടാലിട കടൂളിതാഴം ബിജുവിന്റെ ഭാര്യ ഷൈനിയുടെ വാക്കുകളായിരുന്നു ഇത്.
ഒന്നും ഓർമയില്ലെങ്കിൽപോലും തന്റെ ഹൃദയമിടിപ്പിന് അമ്മയേക്കാൾ ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഡോക്ടറമ്മയുടെ കൈ തനിക്കുനേരെ നീണ്ടപ്പോൾ ആ കൈളിലേക്ക് പൂർവബന്ധത്തോടെ ആദവ് മിംസ് നീണ്ടുപടർന്നു.
ആ കുഞ്ഞുഹൃദയം മൂന്നുവർഷം കഴിഞ്ഞിട്ടും ഒരു പോറലുമില്ലാതെ തുടിക്കുന്നുണ്ടെന്ന് ഡോ. രേണുവിന് മനസ്സിലായി. നെറ്റിയിലും കവിളത്തും മുത്തംനൽകി ചട്ടമ്പിയായല്ലോ എന്ന് പറഞ്ഞു കൊണ്ടുവന്ന ചോക്ലറ്റുകൾ നൽകിയപ്പോൾ ആദവ് മിംസ് അവരുടെ സ്നേഹത്താഴ്വരകളിൽ ഓടിനടന്നു.
പിറന്ന ആശുപത്രിയുടെ പേര് നന്ദി സൂചകമായി മകന്റെ പേരിനൊപ്പം ചേർക്കാൻ മാത്രമുള്ള ഓർമാനുഭവങ്ങൾ ഗർഭകാലത്ത് ഷൈനിയും ബിജുവും അനുഭവിച്ചിട്ടുണ്ട്. ക്ലേശാനുഭവങ്ങൾ നേരിടാൻ കുടുംബത്തിന് തുണയായത് ഡോക്ടറുടെയും ആശുപത്രിയുടെയും തമ്മിൽ കണ്ടിട്ടില്ലാത്ത മറ്റ് ഒരുപാടു പേരുടെയും കരുണയാണ്. കുഞ്ഞിന്റെ പിറവിക്കു മുമ്പേ തന്നെ മരണസർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ ഗർഭിണിയായ ഷൈനിക്കും കൂലിപ്പണിക്കാരനായ ഭർത്താവ് ബിജുവിനും അത് താങ്ങാനായില്ല.
കുഞ്ഞിന്റെ പ്രധാന രക്തധമനികൾ സ്ഥാനംമാറിയതിനാൽ കൃത്യമായ തുടർ ശസ്ത്രക്രിയകൾ ലഭിച്ചില്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്നാണ് അതുവരെ ചികിത്സിച്ച സർക്കാർ ആശുപത്രിയിലെ ഡോക്ടർ അഭിപ്രായപ്പെട്ടത്. ഓരോ ദിവസം കഴിയുംതോറും ഷൈനി സമ്മർദത്തിലും കുഞ്ഞിന്റെ ജീവൻ കൂടുതൽ അപകടത്തിലുമായി. ഗവ. ആശുപത്രിയെയല്ലാതെ ആശ്രയിക്കാൻ തരമില്ലാതിരുന്ന വേളയിലാണ് സ്കീമിലൂടെ ആശുപത്രിയിലെത്തുന്നത്.
പ്രസവത്തിന്റെ രണ്ടാംദിവസംതന്നെ കുഞ്ഞിന്റെ നെഞ്ചുകീറി ശസ്ത്രക്രിയ ചെയ്തു. കൃത്യമായ പരിചരണം ലഭിച്ചതോടെ ഒരു കുഴപ്പവും സംഭവിക്കാതെ ആദവ് മിംസ് വളർന്നു. കുടുംബസമേതമാണ് പിന്നീട് ഇവർ ഹൃദയപൂർവം പദ്ധതിയിൽ പങ്കെടുത്തത്. ആദവ് മിംസിനെ എടുത്തുനിൽക്കുന്ന ഡോക്ടറമ്മയുടെ ഫോട്ടോകളാണ് പാതിപണി പൂർത്തിയായ വീടിന്റെ ചുമരുകളെ അലങ്കരിക്കുന്നത്. നേരിൽ കണ്ട ദൈവത്തിന്റെ കരങ്ങളിൽ പിടിച്ച് ഷൈനി യാത്രയാക്കുമ്പോൾ ആദവ് മിംസ് നിറഞ്ഞുചിരിക്കുകയായിരുന്നു.
ഈ ചിരിയാണ് നമുക്കുള്ള റിട്ടേൺസ്. പക്ഷേ, ഈ ചിരി പലർക്കും അവകാശപ്പെട്ടതാണ് -ഡോ. രേണു പി. കുറുപ്പ് പറഞ്ഞു. പണമില്ലാത്തതുകൊണ്ട് ഒരു കുഞ്ഞുപുഞ്ചിരിയും നിലച്ചുപോകാതിരിക്കാനും മാതാപിതാക്കളുടെ കണ്ണീർവീഴാതിരിക്കാനും മാധ്യമം ഹെൽത്ത് കെയറും ആസ്റ്റർ മിംസും കൈകോർത്ത സേവ് ദി ലിറ്റിൽ ഹാർട്ട് പദ്ധതി ഇതുപോലെ നൂറുകണക്കിനു കുട്ടികൾക്ക് തുണയാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.