അഡ്വ. എ. ശങ്കരൻ: അഴീക്കോടിന്‍റെ അരുമ ശിഷ്യൻ
text_fieldsകോഴിക്കോട്: ഓർമകളുടെ ടൗൺഹാളിൽ വെള്ളപുതച്ച് ശങ്കരൻ വക്കീലിനെ കൊണ്ടുവന്നപ്പോൾ വെയിൽ മാഞ്ഞുകൊണ്ടിരുന്നു. ഇതുപോലെ എത്രയോ വൈകുന്നേരങ്ങളിൽ ഒരുപാട് അനുസ്മരണ പരിപാടികളും സാംസ്കാരിക സായാഹ്നങ്ങളും ഇതേ ടൗൺഹാളിൽ സംഘടിപ്പിക്കാൻ മുന്നിൽനിന്ന മനുഷ്യൻ അവസാനയാത്ര പറയാൻ എത്തിയതാണ്. ആ തലമുറയിലെ പലരും ഇന്നില്ല. '80-90കളിൽ നഗരത്തിൽ ശങ്കരൻ വക്കീലില്ലാത്ത പരിപാടികൾ വളരെ കുറവ്. എല്ലാ കൂട്ടായ്മകളിലും മുൻനിരയിൽ എളിമയിൽ സംസാരിക്കുന്ന ശുഭ്രവസ്ത്രധാരി.
മുൻമേയർ എന്ന നിലയിലും നഗരത്തിലെ സാംസ്കാരിക സായാഹ്നങ്ങളുടെ സംഘാടകനെന്ന നിലയിലും ഓർമയിൽ നിറഞ്ഞുനിൽക്കുന്ന മുഖമാണ് വക്കീലിന്‍റേത്. സുകുമാർ അഴീക്കോടിനെ പോലെയുള്ള നേതാക്കളുടെ കാലത്തെ സംഘാടകനായിരുന്നു ശങ്കരൻ വക്കീൽ. ദേവഗിരി കോളജിൽ അഴീക്കോടിന്‍റെ അരുമ ശിഷ്യൻ. അന്ന് തുടങ്ങിയ ബന്ധം അഴീക്കോടിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരനോളം വളർന്നു. അഴീക്കോട് എപ്പോൾ കോഴിക്കോട്ട് എത്തിയാലും കൈപിടിച്ച് കൊണ്ടുനടക്കാൻ ശങ്കരൻ വക്കീലുണ്ടാവും.
'ശങ്കരൻ വക്കീലേ' എന്നാണ് അഴീക്കോടും വിളിച്ചിരുന്നത്. മരിക്കുന്നതിന് രണ്ടുവർഷം മുമ്പ് അഴീക്കോട് തന്റെ സ്വത്തുസംബന്ധിച്ച് ഒസ്യത്ത് തയാറാക്കി ചേവായൂർ രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്യാൻ രഹസ്യമായി ചുമതലപ്പെടുത്തിയത് ശങ്കരൻ വക്കീലിനെയായിരുന്നു. അത്രമേൽ ആത്മബന്ധമായിരുന്നു ഗുരുവും ശിഷ്യനും തമ്മിൽ. വിലാസിനി ടീച്ചറുമായുള്ള അഴീക്കോടിന്‍റെ പ്രണയത്തെക്കുറിച്ചുപോലും ശങ്കരൻ വക്കീലിന് അറിയാമായിരുന്നു.
കോൺഗ്രസിലൂടെ പൊതുരംഗത്തെത്തി. പിന്നീട് കോൺഗ്രസ് എസുകാരനായപ്പോഴാണ് കോർപറേഷൻ കൗൺസിലറായത്. 1983ലാണ് മേയറായത്. ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികൾക്കും ഓരോ വർഷം മേയർ പദവി നൽകുന്ന രീതിയായിരുന്നു അന്ന്. അങ്ങനെയാണ് അഡ്വ. ശങ്കരൻ മേയറാകുന്നത്. ഇന്ദിര ഗാന്ധിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് ചില കോൺഗ്രസുകാർ സോഷ്യലിസ്റ്റ് കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ അതിന്‍റെ ജില്ലയിലെ പ്രധാന നേതാവായി മാറി. ദീർഘകാലം ചാലപ്പുറം വാർഡ് കൗൺസിലറായിരുന്നു.
കോഴിക്കോട്ടെ നാഗ്ജി ഫുട്ബാൾ ടൂർണമെന്‍റ് സംഘാടകരിൽ മുന്നിലുണ്ടായിരുന്നു വക്കീൽ. കക്ഷിരാഷ്ട്രീയത്തിനപ്പുറം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. അഡ്വ. ശങ്കരന്റെ മൃതദേഹം കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നഗരത്തിലെ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ ഉപചാരമർപ്പിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ അനുശോചിച്ചു. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദിന്റെ അധ്യക്ഷതയിൽ ടൗൺഹാളിൽ അനുസ്മരണ യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.