മാറ്റിയാലും തിരിച്ചെത്തി പരസ്യ ബോർഡുകൾ
text_fieldsകോഴിക്കോട്: നഗരത്തിലെ പരസ്യ നിരോധിത മേഖലകളിൽ എത്രതവണ മാറ്റിയാലും പിറ്റേന്ന് തിരിച്ചെത്തി പരസ്യങ്ങൾ. ഉത്സവങ്ങളും ആഘോഷങ്ങളും മധ്യവേനലവധിയുമൊക്കെ വന്നതിനൊപ്പം ലോക്സഭ തെരഞ്ഞെടുപ്പുകൂടി എത്തിയതോടെ റോഡിൽ പരസ്യങ്ങളുടെ കുത്തൊഴുക്കാണ്.
നഗരത്തിലെ പ്രധാന പരസ്യ നിരോധിത മേഖലയായ മാനാഞ്ചിറ സ്ക്വയറിന് ചുറ്റും കോർപറേഷൻ ആരോഗ്യവിഭാഗം പരസ്യം എടുത്തുമാറ്റിയാലും പിറ്റേന്നുതന്നെ അത്രയും ബോർഡുകൾ തിരിച്ചെത്തുന്ന സ്ഥിതിയാണ്. സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ നിറഞ്ഞതോടെ പരസ്യ നിരോധനം കർശനമാക്കൽ ഇനി തെരഞ്ഞെടുപ്പിനുശേഷമേ കഴിയൂവെന്ന അവസ്ഥവന്നു.
സർവകക്ഷിയോഗം ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പരസ്യങ്ങൾ നിയന്ത്രിക്കാൻ തീരുമാനമെടുക്കാറുണ്ടെങ്കിലും ഇലക്ഷൻ പ്രഖ്യാപിച്ചാൽ എല്ലാം മറക്കുന്നു. എറ്റവുമൊടുവിൽ 2022 ഡിസംബറിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നഗരത്തിലെ റോഡരികിലും ഫുട്പാത്തുകളിലും സ്ഥാപിച്ച അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യാൻ തീരുമാനമെടുത്തിരുന്നു. നഗരത്തിൽ പരസ്യം സ്ഥാപിക്കുന്നതിന് പ്രത്യേക സ്ഥലം അനുവദിക്കുന്നതു സംബന്ധിച്ച് വിശദ പദ്ധതി തയാറാക്കാനും തീരുമാനിച്ചു.
ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.
റോഡിലെ കൈവരികളിൽ സ്ഥാപിച്ച പരസ്യങ്ങളും അനധികൃത ബോർഡുകളും നീക്കം ചെയ്യുകയും ഫുട്പാത്ത് കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്യുന്നതിന് എല്ലാവിധ സഹകരണവും രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉറപ്പുനൽകിയിരുന്നു. റോഡരികിലെ ബാനറുകളും കൊടിതോരണങ്ങളും പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാവുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയപ്പെടുകയുമാണെന്ന് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിലുള്ള യോഗത്തിൽ അഭിപ്രായമുയർന്നിരുന്നെങ്കിലും മാസങ്ങൾക്കകം എല്ലാം പഴയപടിയായി. മാനാഞ്ചിറ സ്ക്വയറിന് ചുറ്റും പരസ്യ നിരോധനം കാണിക്കുന്ന ബോർഡുകൾ ഇല്ലാത്തതും പ്രശ്നമാണ്. നിരോധന ബോർഡുകൾ സ്ഥാപിക്കാനും കർശന നടപടിയെടുക്കാനും മറ്റൊരു തെരഞ്ഞെടുപ്പുകൂടി കാത്തിരിക്കേണ്ടിവരും.
പരസ്യങ്ങൾക്ക് പ്രത്യേക ഇടമൊരുക്കും
പരസ്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻതന്നെ ഡിജിറ്റൽ ബോർഡുകൾ നഗരത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിക്കാൻ ആലോചനയുണ്ട്. പ്ലാസ്റ്റിക്, കടലാസ്, ഫ്ലക്സ് ബോർഡുകൾ ക്രമേണ കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. തൊണ്ടയാട്, ബീച്ച്, മോഡൽ സ്കൂൾ ഭാഗം തുടങ്ങി വിവിധയിടങ്ങൾ ഇതിനായി കണ്ടെത്തിയിരുന്നു. 60ലേറെ ഇടങ്ങളിൽ സൗരോർജ ഡിജിറ്റൽ ബോർഡുകൾ വെക്കാനാവുമെന്നാണ് കരുതുന്നത്. ഗതാഗതത്തിനും ഡ്രൈവർമാരുടെ ശ്രദ്ധക്കും തടസ്സം വരുത്താത്തവിധം ബോർഡുകൾ സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.