പരസ്യഭീഷണിയുയർത്തി പഴക്കംചെന്ന പരസ്യബോർഡുകൾ
text_fieldsകോഴിക്കോട്: കാറ്റും മഴയും ശക്തമായതോടെ നഗരത്തിലെ പല കുറ്റൻ പരസ്യബോർഡുകളും അപകട ഭീഷണിയിൽ. റോഡരികിലെ സ്വകാര്യസ്ഥലങ്ങളിലും കെട്ടിടങ്ങൾക്ക് മുകളിലും ഇരുമ്പുതൂണുകളിൽ സ്ഥാപിച്ച വലിയ ബോർഡുകളാണ് ഭീഷണിയിലുള്ളത്. പല ബോർഡുകളും കാറ്റിൽ ചരിഞ്ഞ് ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ചില ബോർഡുകളിലെ ഫ്ലക്സുകൾ കീറിപ്പറഞ്ഞ് തൂങ്ങിക്കിടക്കുകയാണ്.
മലാപ്പറമ്പ്, തൊണ്ടയാട്, മാവൂർ റോഡ്, പറയഞ്ചേരി, പൊറ്റമ്മൽ, ബാങ്ക് റോഡ്, വയനാട് റോഡ്, കണ്ണൂർ റോഡ് എന്നിവിടങ്ങളിലെല്ലാം അപകടാവസ്ഥയിലുള്ള ബോർഡുകൾ കാണാം. നേരത്തെ പറയഞ്ചേരി ഭാഗത്തെ ഇത്തരത്തിലൊരു ബോർഡിൽനിന്ന് ശക്തമായ കാറ്റിൽ ഫ്ലക്സ് കീറിപ്പറന്ന് റോഡരികിലെ കേബിളിൽ തൂങ്ങിക്കിടന്നത് ഭീഷണിയായിരുന്നു. ബീച്ച് അഗ്നിരക്ഷാസേനയിൽനിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് ഇത് എടുത്തുമാറ്റിയത്.
പൊതുസ്ഥലങ്ങളോട് ചേർന്നാണ് ഇത്തരം ബോർഡുകൾ ഏറെയും എന്നതിനാൽ അപകടമുണ്ടായാൽ ആളപായമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് പരാതിയുണ്ട്. ജില്ല ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ദുരന്തനിവാരണ അതോറിറ്റിയും കോർപറേഷനും വേണ്ടത്ര നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കളമൊരുക്കുന്നതെന്ന് വ്യാപാരികളും നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും പറയുന്നു.
കോർപറേഷനിൽ നികുതി അടച്ചുമാത്രമേ വലിയ ബോർഡുകൾ നഗരത്തിൽ പ്രദർശിപ്പിക്കാനാവൂ. എന്നാൽ, ഈ രംഗത്ത് പ്രവർത്തിക്കുന്ന ചില ഏജൻസികൾ കരാർ കാലാവധി കഴിഞ്ഞാൽ ബോർഡുകൾ നീക്കാത്തതടക്കമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഹൈകോടതി നിരവധി തവണ ആവശ്യപ്പെട്ടിട്ടും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ ബോർഡുകൾ നഗരത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഇവ പൂർണമായും നീക്കംചെയ്യാത്തതും വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.