ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 33 വർഷത്തിനുശേഷം പൊലീസ് പൊക്കി
text_fieldsകോഴിക്കോട്: മോഷണക്കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 33 വർഷത്തിനുശേഷം പൊലീസ് പിടികൂടി. നടക്കാവ് സ്റ്റേഷൻ പരിധിയിൽ 1990ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായിരുന്ന ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന സലീലിനെയാണ് പഴയ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്ടെ വീട് ഒഴിവാക്കി കണ്ണൂർ ജില്ലയിൽ വാടകക്ക് വീടെടുത്ത് കുടുംബ സമേതം ആർഭാടമായി ജീവിതം നയിച്ചുവരുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ ഫോൺ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വിശകലനം ചെയ്തശേഷം പ്രതിയുമായി ബന്ധപ്പെട്ടവരിൽനിന്നാണ് താമസസ്ഥലം തിരിച്ചറിഞ്ഞത്. പി.കെ. ജിജീഷ് നടക്കാവ് ഇൻസ്പെക്ടറായി ചുമതല ഏറ്റെടുത്തശേഷം പഴയകാല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികൾ, കേസുകളിൽ കോടതിയിൽ ഹാജരാകാത്തതിനാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചവർ എന്നിവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുന്നതിനുവേണ്ടി നടത്തിയ ദൗത്യമാണ് വിജയിച്ചത്.
ഇത്തരത്തിൽ പഴയകാല കേസുകളിൽപെട്ട പല പ്രതികളുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടക്കാവ് സബ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, പി.കെ. ബൈജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജില്ല ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.