വയസ്സ് 83; ഇത് കാലിക്കറ്റ്-വയനാട് 'നൊസ്റ്റാൾജിയ' സർവിസ്
text_fieldsകോഴിക്കോട്: കാലിക്കറ്റ്-വയനാട് മോട്ടോർ സർവിസ് എന്ന സി.ഡബ്ല്യു.എം.എസ് വെറുമൊരു ബസല്ല. അതൊരു ഗൃഹാതുരത്വമാണ്, പൈതൃകമുദ്രയാണ്, പ്രണയമാണ് അങ്ങനെ എന്തൊക്കയോ ആണ് അതിലെ യാത്രികർക്ക്. ശരിക്കും പറഞ്ഞാൽ പതിവുയാത്രക്കാരുടെ ചങ്കാണീ ബസ്. എട്ട് പതിറ്റാണ്ടിലേറെ പ്രായമുള്ള ബസ് സർവിസ്.
ഒരു തലമുറയുടെ മനസ്സിൽ ഇന്നും പച്ചയും മഞ്ഞയും പെയിന്റടിച്ച ഓർമകളുടെ ബസ്. 83 വർഷമായി കോഴിക്കോട്ട് നിന്ന് വയനാട് ചുരം കയറി നീലഗിരി കുന്നിൻ താഴ്വരയിലെ ദേവാലയിലേക്ക് സർവിസ് നടത്തുന്നു. കേരളം പിറക്കുന്നതിന് മുമ്പ് ആരംഭിച്ച സർവിസ്. മലബാർ 'മദ്രാസ് സ്റ്റേറ്റി'ൽ ആയിരുന്ന കാലത്ത് ഇതൊരു സംസ്ഥാന സർവിസ് ആയിരുന്നു. കേരളം പിറന്നതോടെ ഇതൊരു ഇന്റർ സ്റ്റേറ്റ് ബസ് ആയി. ഇന്ന് ഒരു പക്ഷേ കേരളത്തിൽ ദേശസാത്കൃത റൂട്ടിൽ ഓടുന്ന ഏക ഫാസ്റ്റ് പാസഞ്ചർ സ്വകാര്യ ബസ്. കേരളത്തിലെ ബസുകൾക്ക് യൂനിഫോം നിറങ്ങൾ വേണമെന്ന് സർക്കാർ നിർദേശിച്ചപ്പോഴും ഈ പൈതൃകബസിന് നിബന്ധനയിൽ ഇളവ് ലഭിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ച കമ്പനിയാണ് സി.ഡബ്ല്യു.എം.എസ്. 1939ൽ ആരംഭിച്ചു. 95 ബസുകളാണ് ഇവർക്കുണ്ടായിരുന്നത്. ആ ഗണത്തിലുള്ള ഏക ബസ് ഇന്നും കോഴിക്കോട്-ദേവാല റൂട്ടിൽ മുടങ്ങാതെ ഓടുന്നു. അതേ നാമത്തിൽ. അതേ നിറത്തിൽ, അതേ ഗുണത്തിൽ. മാറ്റം ഉടമസ്ഥന് മാത്രം.
സി.ഡബ്ല്യു.എം.എസ് കമ്പനി ഇപ്പോഴുമുണ്ട്. പക്ഷേ ബസ് സർവിസ് ഒക്കെ എന്നോ നിർത്തി. 95 ബസ് ഉണ്ടായിരുന്നത് 65 എണ്ണം റൂട്ട് ദേശസാത്കരണത്തിന്റെ പേരിൽ സർക്കാർ ഏറ്റെടുത്തു. ബാക്കി 30 എണ്ണം സിറ്റി സർവിസ് ഉൾപ്പെടെ നടത്തി. ബസ് വ്യവസായത്തിന്റെ പ്രതാപം തകർന്നടിയും മുമ്പേ കമ്പനി മറ്റു സംരംഭങ്ങളിലേക്ക് നീങ്ങി.
ദേശസാത്കരണത്തിനിടയിലും കോഴിക്കോട്-ദേവാല സർവിസും മൈസൂർ- ഗുരുവായൂർ പെർമിറ്റുകളും സർക്കാർ കമ്പനിക്ക് തന്നെ വിട്ടു നൽകി. അവരിൽ നിന്ന് സ്വകാര്യവ്യക്തികൾ ഏറ്റെടുത്തു. മൈസൂർ -ഗുരുവായൂർ ബസ് കോവിഡിന് ശേഷം സർവിസ് നടത്തുന്നില്ല. ലോക്ഡൗൺ പ്രതിസന്ധിയും കടന്ന് ദേവാല -കോഴിക്കോട് ഇന്നും മുടങ്ങാതെ ഓടുന്നു. നല്ല വൃത്തിയിലും വെടിപ്പിലും. ഓരോ അഞ്ച് വർഷത്തിലും പുതിയ ബസ് ഇറക്കും. തനതു പെയിന്റിൽ. ഒന്നും ഒത്തിട്ടല്ലെന്ന് ബസ് ഉടമസ്ഥനായ എസ്.എ. ഷാജഹാൻ പറയുന്നു.
നാട്ടുകാർ വികാരമായിക്കൊണ്ടു നടക്കുന്ന ബസാണിത്. ദിവസവും രാവിലെ 6.30 ന് ദേവാലയിൽ നിന്ന് പുറപ്പെട്ട് 10.30ന് കോഴിക്കോട്ടെത്തും. വൈകീട്ട് മൂന്നിന് മാവൂർ റോഡ് പുതിയ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് 7.00 മണിക്ക് തിരിച്ച് ദേവാലയിലെത്തും. നീലഗിരി ഗ്രാമങ്ങളിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ യാത്രക്കാർ ഉറച്ച പ്രതീക്ഷയിൽ കാത്തുനിൽക്കുമീ ബസിനെ. ആഴ്ചയിലൊരിക്കൽ കോഴിക്കോട് നഗരത്തിൽ വന്ന് ചരക്കെടുത്ത് ഇതേ ബസിൽ യാത്രതിരിക്കുന്ന ചെറുവ്യാപാരികളുണ്ട്. ബസിലെ ഡ്രൈവർമാരും കിളിയും കണ്ടക്ടറുമൊക്കെ യാത്രക്കാർക്ക് ബന്ധുജനങ്ങളാണ്.
കോഴിക്കോട് നിന്ന് മരുന്ന് വാങ്ങാനുള്ള ശീട്ട് ദേവാലക്കാർ ബസുകാരെ ഏൽപിക്കും. അവരത് വാങ്ങി എത്തിച്ചുകൊടുക്കും. പതിറ്റാണ്ടുകൾക്ക് മുമ്പ് സി.ഡബ്ല്യു.എം.എസ് ബസിന്റെ ഫോട്ടോ ചില്ലിട്ട് വീട്ടിലെ ചുവരിൽ തുക്കിയിട്ട യാത്രക്കാർ ദേവാലയിലും പരിസരങ്ങളിലുമുണ്ടായിരുന്നത്രേ. അത്രമേൽ ഈ ബസിനെ സ്നേഹിച്ചവരുടെ പിന്മുറക്കാർ ഇന്നും ആ സ്നേഹം മായാതെ സൂക്ഷിക്കുന്നു.
മരണവിവരം ദൂരെയുള്ള ബന്ധുകളെ അറിയിക്കാൻ മറ്റു വഴികളില്ലാത്ത കാലത്ത് ഈ ബസിലെ ജീവനക്കാരെ ഏൽപിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ ഒരുപാട് ആത്മബന്ധങ്ങളുടെ കഥയുണ്ട് ഈ ബസിന് പറയാൻ. പുതിയ കാലം വന്നപ്പോൾ ഈ ബസിലെ യാത്രക്കാർക്ക് വാട്സ് ആപ്പ് ഗ്രൂപ് ഉണ്ട്.
ജീവനക്കാർ ഏറെയും പഴയകാലത്തുള്ളവർ. കോഴിക്കോട്ടുള്ളവർ. 25 വർഷമായി ഈ ബസിലെ കണ്ടക്ടറാണ് മോഹനൻ കൈതമോളി. അദ്ദേഹം പത്തുവർഷമായി കോഴിക്കോട് കക്കോടി പഞ്ചായത്ത് അംഗമാണ്.
സി.ഡബ്ല്യു.എം.എസ് ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ദേവാലയിലേക്ക് പുറപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.