പ്രായം 90 കവിഞ്ഞു; ബാലാക്കയുടെ രാഷ്ട്രീയാവേശത്തിന് ഇന്നും യുവത്വമാണ്
text_fieldsമുക്കം: പ്രായം 90 കവിഞ്ഞു, കഴിഞ്ഞ കാലങ്ങളിലെ ഒാർമകൾക്കുപോലും മറവി സംഭവിച്ചിരിക്കുന്നു, എത്ര മറവിയുണ്ടെങ്കിലും 75 വർഷമായി ആത്മാഭിമാനത്തോടെ നെഞ്ചോട് ചേർത്തുപിടിച്ച പ്രസ്ഥാനത്തെക്കുറിച്ച് ഒന്നും മറന്നിട്ടില്ല. കാരശ്ശേരി കക്കാട് മുക്കാൻതൊടിക മുഹമ്മദ് കുട്ടിയുടെ (ബാലാക്ക) ഒാർമകളിൽ ഇന്നും മുസ് ലിം ലീഗിനുള്ള സ്ഥാനം വലുതാണ്.
ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ് ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലിക്ക് ചെന്നൈയിൽ തുടക്കംകുറിക്കുമ്പോൾ പ്രായാധിക്യത്തിന്റെ അവശതകൾ മറന്ന് വീട്ടുമുറ്റത്തിറങ്ങി ഹരിത പതാകയേന്തി മുഹമ്മദ്കുട്ടി അഭിമാനംകൊണ്ടു. പാവങ്ങളെ സഹായിക്കാനും നാടിനെ സ്നേഹിക്കുകയും ചെയ്യുന്ന ഇതുപോലൊരു പാർട്ടി വേറെയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മലയോര കുടിയേറ്റ മേഖലയെ പച്ചയണിയിക്കാൻ ഗിരിമാർഗങ്ങൾ ഏറെതാണ്ടിയ ലീഗ് പ്രവർത്തകനാണ് ബാലാക്കയെന്ന മുഹമ്മദ് കുട്ടി. ഇദ്ദേഹത്തിന്റെ വീട് മുസ് ലിം ലീഗിന്റെ ഒാഫിസായി പ്രവർത്തിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു ഏറെക്കാലം വാർഡ്, പഞ്ചായത്ത്തല യോഗങ്ങളും കുടുംബസംഗമങ്ങളും നടന്നിരുന്നത്.
ഓലമേഞ്ഞ വീടിന്റെ ചുവര് മുഴുവൻ ലീഗ് നേതാക്കളുടെ പടങ്ങളായിരുന്നു. അന്ന് കോഴിക്കോട് നടക്കുന്ന മുസ് ലിം ലീഗ് സമ്മേളനങ്ങളിൽവരെ ഹരിത പതാകയേന്തി കാൽനടയായി പങ്കെടുത്തത് ഓർത്തെടുക്കുമ്പോൾ ഇന്നും മുഹമ്മദ് കുട്ടിക്ക് മനസ്സിനുള്ളിൽ ആവേശം നിറയും. താൻ അഭിമാനത്തോടെ പിടിച്ചിരുന്ന ഹരിതപതാക ഇളംതലമുറക്ക് കൈമാറുന്നതിലും ബാലാക്ക വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.