അഗ്നിപഥ്: കോഴിക്കോട്ടും ഉദ്യോഗാർഥികൾ തെരുവിലിറങ്ങി
text_fieldsകോഴിക്കോട്: സൈന്യത്തിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (സി.ഇ.ഇ) വൈകുന്നുവെന്നാരോപിച്ച് ആയിരത്തോളം ഉദ്യോഗാർഥികൾ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കേന്ദ്ര സർക്കാറിന്‍റെ കരാർ സൈനിക നിയമന പദ്ധതിയായ 'അഗ്നിപഥ്' പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് കോഴിക്കോട്ടും ഉദ്യോഗാർഥികൾ തെരുവിലിറങ്ങിയത്.
ശനിയാഴ്ച രാവിലെ പത്തരയോടെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മോമന്‍റെ നേതൃത്വത്തിൽ തടഞ്ഞു. പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
2021ൽ തിരുവനന്തപുരത്ത് നടന്ന റിക്രൂട്ട്മെന്‍റ് റാലിയിൽ പങ്കെടുത്ത് ഓട്ടത്തിൽ ഉൾപ്പെടെ ജയിച്ച് ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾ പാസായവരാണ് സമരത്തിൽ പങ്കെടുത്തത്. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധനയും നേരത്തെ പൂർത്തിയായതാണ്. വാട്സ്ആപ്പിലൂടെയും 'ടെലിഗ്രാമി'ലൂടെയുമാണ് ഉദ്യോഗാർഥികൾ സംഘടിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്.
ഒന്നര വർഷമായി സി.ഇ.ഇ പരീക്ഷക്കായി കാത്തിരിക്കുകയാണെന്നും ആറു തവണയാണ് നിശ്ചയിച്ച പരീക്ഷ മാറ്റിയതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. 2021 ഏപ്രിൽ 25ന് നടക്കുമെന്നാണ് അവസാനമായി അറിയിച്ചത്. ഇതും പിന്നീട് മാറ്റി. സി.ഇ.ഇ നിർത്തലാക്കാൻ പോകുന്ന സാഹചര്യത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.