എ.ഐ കാമറ; സജീവമായി ഹെൽമറ്റ് വിപണി
text_fieldsകോഴിക്കോട്: എ.ഐ കാമറ ദൃശ്യങ്ങൾ നോക്കി പിഴചുമത്താൻ തുടങ്ങിയതോടെ ജില്ലയിൽ ഹെൽമറ്റ് വിപണി സജീവമായി. ഗ്രാമ-നഗര വ്യത്യാസമില്ലതെ ഹെൽമറ്റ് കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹെൽമറ്റില്ലാത്തവർക്ക് ആളൊന്നിന് 500 രൂപ തോതിലാണ് പിഴ ചുമത്തുന്നത്. കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാണ്. ഇതോടെയാണ് ഹെൽമറ്റ് വാങ്ങാൻ ആളുകളുടെ കുത്തൊഴുക്ക് തുടങ്ങിയത്.
400 മുതൽ 2000 രൂപവരെ വിലയുള്ള ഹെൽമറ്റുകളാണ് വിപണിയിൽ സുലഭമായുള്ളത്. ഇടത്തരം നല്ല ഹെൽമറ്റിന് ശരാശരി 1000 രൂപ വിലവരുമെന്നും ഇതിനാണ് ആവശ്യക്കാരേറെയുള്ളതെന്നും കോഴിക്കോട് ഒയാസിസിലെ ഹെൽമറ്റ് കടയുടമ എസ്.പി. റഹാസ് പറഞ്ഞു. കുട്ടികളുടെ ഹെൽമറ്റിനും ആവശ്യക്കാർ ഏറെയാണ്. വിവിധ നിറങ്ങളിൽ ലഭ്യമാകുന്ന ഇവക്ക് 700 രൂപമുതൽ 1000 രൂപവരെയാണ് വില. ഇതിന് വിപണിയിൽ അൽപം ക്ഷാമവും ഉണ്ട്. ഇത് മുൻനിർത്തിയാണ് ഈ ഇനത്തിന് വില കൂടുതൽ എന്ന ആക്ഷേപവും ഉണ്ട്. സുരക്ഷിതത്വവും കാമറ ഉൾപ്പെടെ കൂടുതൽ സവിശേഷതകളുമുള്ള ഹെൽമറ്റുകളും വൻ വിലക്ക് വിപണിയിൽ ലഭ്യമാണ്. സ്ത്രീകളുടെ ഹെൽമറ്റും വിവിധ രൂപത്തിലുള്ളവയുണ്ട്. അതേസമയം, ഇരുചക്ര വാഹനയാത്രികർക്ക് മുഴുവൻ ഹെൽമറ്റ് നിർബന്ധമായതോടെ ഒട്ടും ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകളും വിപണിയിൽ ചൂടപ്പംപോലെ വിറ്റുപോകുന്നുണ്ട്.
400 മുതൽ 500 രൂപവരെയാണ് ഇവയുടെ വില. ഹെൽമറ്റിന്റെ ചില്ല്, ബെൽറ്റ് എന്നിവയടക്കം മാറ്റിനൽകുന്ന റിപ്പയർ കടകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായി. എ.ഐ കാമറകൾ പ്രവർത്തനം തുടങ്ങിയതോടെ ഹെൽമറ്റ് ധരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കൂടിയിട്ടുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. കാമറദൃശ്യം നോക്കി പിഴ ചുമത്താൻ തുടങ്ങിയ തിങ്കളാഴ്ച തന്നെ കൂടുതൽ കേസുകൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.