എ.ഐ ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ്;രണ്ട് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ
text_fieldsകോഴിക്കോട്: ആർട്ടിഫിഷൽ ഇന്റലിജൻസ് (എ.ഐ), ഡീപ് ഫേക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓൺലൈനായി പണം തട്ടിയ കേസിൽ റിമാൻഡിലുള്ള രണ്ട് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ചോദ്യം ചെയ്യലിൽ സംഘം നിരവധി തട്ടിപ്പുകൾ നടത്തിയതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ സിദ്ദേഷ് ആനന്ദ് കാർവെ, അമരീഷ് അശോക് പാട്ടിൽ എന്നിവരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
മറ്റൊരു കേസിൽ തിഹാർ ജയിലിൽ റിമാൻഡിലുള്ള, കേസിലെ മുഖ്യപ്രതി ഗുജറാത്ത് സ്വദേശി കൗശൽ ഷാക്കായി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിക്കാൻ കോഴിക്കോട് സൈബർ ക്രൈം പൊലീസ് കോടതിയിൽ അപേക്ഷയും നൽകി. വാറന്റ് ലഭിക്കുന്നപക്ഷം പൊലീസ് തിഹാർ ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് കേരളത്തിൽ എത്തിക്കുകയും ചെയ്യും.
അറസ്റ്റിലായ സിദ്ദേഷ് ആനന്ദ് കാർവെയും അമരീഷ് അശോക് പാട്ടിലുമാണ് കൗശൽ ഷാ തിഹാർ ജയിലിലാണെന്ന് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. ഓൺലൈൻ തട്ടിപ്പുകേസിൽ ഡൽഹി സൈബർ പൊലീസാണ് കൗശൽ ഷായെ നേരത്തെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽനിന്ന് ആറ് മൊബൈൽ ഫോണുകൾ, 30 മൊബൈൽ സിം കാർഡുകൾ, പത്ത് എ.ടി.എം കാർഡുകൾ, ബാങ്ക് ചെക്ക് ബുക്കുകൾ എന്നിവ നേരത്തെ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇവ പരിശോധിച്ചുവരുകയാണ്. കേസിൽ കൗശൽ ഷായുടെ കൂട്ടാളി ഗുജറാത്ത് സ്വദേശി ഷെയ്ഖ് മുർസു മയ്ഹയാത്തും നേരത്തെ പിടിയിലായിരുന്നു. കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്നാണ് ജൂലൈയിൽ സംഘം ഓൺലൈനായി 40,000 രൂപ തട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.