എ.ഐ സാമ്പത്തിക തട്ടിപ്പ്: മുഖ്യപ്രതിയുടെ കൂട്ടാളി പിടിയിൽ
text_fieldsകോഴിക്കോട്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -എ.ഐ) സാങ്കേതിക വിദ്യ സഹായത്തോടെ വ്യാജ വിഡിയോ കാൾ ചെയ്ത് പണം തട്ടിയ കേസിൽ മുഖ്യപ്രതിയുടെ കൂട്ടാളി പിടിയിൽ. കേസിലെ ഒന്നാം പ്രതി ഗുജറാത്ത് സ്വദേശി കൗശൽ ഷായുടെ കൂട്ടാളിയാണ് അഹമ്മദാബാദിൽ നിന്ന് കോഴിക്കോട് സൈബർ പൊലീസിന്റെ പിടിയിലായത്.
നേരത്തെ പൊലീസ് അഹമ്മദാബാദിലെത്തിയപ്പോൾ മുങ്ങിയ ഇരുവരും പിന്നീട് കേസന്വേഷണം നിലച്ചെന്ന ധാരണയിൽ നാട്ടിലെത്തിയിരുന്നു. ഇതു മനസ്സിലാക്കിയ പൊലീസ് വീണ്ടും ഗുജറാത്തിൽപോയാണ് അഹമ്മദാബാദ് സ്വദേശിയായ കൂട്ടാളിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം കൗശൽ ഷാ നേരത്തെ നിരവധി സാമ്പത്തിക തട്ടിപ്പു കേസിൽ ഉൾപ്പെട്ടതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഇത് വിവിധ സംസ്ഥാനങ്ങളിലെ ചേരി നിവാസികളുടെ അടക്കം രേഖകൾ ഉപയോഗിച്ചാണ് തുടങ്ങിയതെന്നാണ് സൂചന ലഭിച്ചത്.
പരാതിക്കാരന്റെ അക്കൗണ്ടിൽനിന്നും തട്ടിയെടുത്ത പണം എത്തിയ ജിയോ പേയ്മെന്റ് ബാങ്കിന്റെ അക്കൗണ്ട് ഗുജറാത്ത് അഹമ്മദാബാദിലെ ഉസ്മാൻപുര ഭാഗത്തുള്ള കൗശൽ ഷായുടെ പേരിലുള്ള അക്കൗണ്ടിലേക്കും തുടർന്ന് ഗോവ ബേസ് ചെയ്ത ഒരു ഗെയിമിങ് പ്ലാറ്റ്ഫോമിന്റെ പേരിലുള്ള ആർ.ബി.എൽ ബാങ്കിന്റെ അക്കൗണ്ടിലേക്കും എത്തിയെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്.
കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്നാണ് 40,000 രൂപ തട്ടിയത്. മുമ്പ് ഒപ്പം ജോലി ചെയ്ത ആന്ധ്ര സ്വദേശിയായ സുഹൃത്തെന്ന് പരിചയപ്പെടുത്തി വിഡിയോകാളിൽവന്ന്, ഭാര്യാസഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആള്ക്ക് അയക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.