എയിംസ്: കിനാലൂരിൽ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി
text_fieldsബാലുശ്ശേരി: കേരളത്തിൽ എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്ഥാപിക്കാൻ കിനാലൂരിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. കിനാലൂരിലെ വ്യവസായ വികസന കേന്ദ്രത്തിെൻറ കാറ്റാടി, ചാത്തൻ വീട്, കിഴക്കെ കുറുമ്പൊയിൽ, കാന്തലാട് ഭാഗങ്ങളിലായി 150 ഏക്കർ ഭൂമി സർവേ നടത്തി എയിംസ് സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു.
ഇതിനുപുറമെ 100 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിറങ്ങിയത്. ഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ല കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ കിനാലൂരിലെ സ്ഥലം സന്ദർശിക്കും. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് അംഗീകാരം നൽകണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ധനമന്ത്രാലയത്തോട് നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്.
ധനമന്ത്രാലയത്തിെൻറ അംഗീകാരം ലഭ്യമായാൽ കിനാലൂരിൽ എയിംസ് സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങാനാകും. കേന്ദ്ര സംഘത്തിെൻറ സന്ദർശനത്തിനുശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേരളത്തിൽ എയിംസ് അനുവദിച്ചാൽ അത് കിനാലൂരിൽ തന്നെയാകുമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ പ്രസ്താവിച്ചിട്ടുണ്ട്. ആരോഗ്യ, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥ സംഘം കിനാലൂരിലെത്തി സ്ഥല പരിശോധന നടത്തി അനുകൂല റിപ്പോർട്ട് നേരത്തേ തന്നെ സമർപ്പിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ യഥേഷ്ടം ലഭ്യമാകുന്ന പ്രദേശം കൂടിയാണ് കിനാലൂർ.
110 കെ.വി സബ് സ്റ്റേഷനും സംസ്ഥാന-ദേശീയപാതകളും, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സൗകര്യങ്ങളും സമീപ പ്രദേശങ്ങളിലായി ലഭ്യമാണ്. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ഉന്നത പഠന ഗവേഷണങ്ങൾക്കും മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുന്നതിനും ഭാവിയിലെ വികസനവുംകൂടി ലക്ഷ്യമിട്ടാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.