'പരിഭ്രാന്തിക്കിടയിലും എയർ ഹോസ്റ്റസുമാർ ധൈര്യം പകർന്നു'
text_fieldsപന്തീരാങ്കാവ്: സംഭവിച്ചതെന്താെണന്നറിയാതെ സ്തബ്ധരായി നിൽക്കുമ്പോൾ എയർ ഹോസ്റ്റസുമാർ പകർന്ന ധൈര്യം ചെറുതെല്ലന്ന് കരിപ്പൂർ വിമാനാപകടത്തിൽപെട്ട് പരിക്കുകളോടെ രക്ഷപ്പെട്ട പെരുമണ്ണ മുണ്ടുപാലം സ്വദേശി മുഹമ്മദ് ഷഫാഫ്.
രാജ്യം വിട്ടുള്ള തെൻറ ആദ്യ യാത്രയുടെ തിരിച്ചുവരവാണ് ഷഫാഫിന് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമായത്. കഴിഞ്ഞ ജനുവരിയിലാണ് വിസിറ്റിങ് വിസയിൽ 28കാരനായ ഷഫാഫ് ജോലി തേടി യു.എ.ഇയിലെത്തിയത്. ഒരു കമ്പനിയിൽ ജോലി ശരിയായി ഏറെ വൈകും മുമ്പാണ് കോവിഡ് എല്ലാ സ്വപ്നങ്ങളും തകർത്തത്. ആഗസ്റ്റ് 11നാണ് വിസ കാലാവധി തീരുന്നത്. അതിനാലാണ് യാത്ര ഈ വിമാനത്തിലായത്. കരിപ്പൂരിൽ എത്തുന്നതിന് മുക്കാൽ മണിക്കൂർ മുമ്പ് അനൗൺസ്മെൻറ് കേട്ടിരുന്നു.
സീറ്റ് ബെൽറ്റ് മുറുക്കി റെഡിയായിരുന്നു. റൺവേയും വെളിച്ചവും കണ്ടു. വിമാനം നിലംതൊടുന്നതും ശക്തമായ കുലുക്കവും താഴേക്ക് പോവുന്നതുമേ ഓർമയുള്ളൂ. പിൻഭാഗത്ത് 27 ഡി യിലായിരുന്നു സീറ്റ്. രണ്ടായി മുറിഞ്ഞ് പൊങ്ങിനിന്ന ഭാഗത്തായിരുന്നു താനും കുറേ യാത്രക്കാരും. മുകളിൽനിന്ന് ബാഗ് തലയിലേക്ക് വീണു. ഒപ്പം തല സീറ്റിലടിച്ചു. മുക്കിൽനിന്ന് രക്തം വന്നു.
ഞെട്ടൽ മാറി യാഥാർഥ്യം തിരിച്ചറിയുമ്പോൾ കൂട്ടക്കരച്ചിലുയർന്നു. അപ്പോഴാണ് തങ്ങളുടെ ഭാഗത്തുണ്ടായിരുന്ന രണ്ട് എയർഹോസ്റ്റസുമാർ ധൈര്യം പകർന്നത്. ആരും ഭയപ്പെടേണ്ടെന്നും എൻജിൻ ഓഫായതിനാൽ തീപിടിക്കില്ലെന്നും അവർ ആശ്വസിപ്പിച്ചു. ഏതാനും സമയത്തിനകം തന്നെ രക്ഷാപ്രവർത്തകരെത്തി. സ്വകാര്യ കാറിലാണ് ആശുപത്രിയിലെത്തിയത്.
എന്നേക്കാൾ പരിക്കുള്ളവർ അവിടെയുണ്ടായിരുന്നു. പ്രഥമ ശുശ്രൂഷക്കുശേഷം രാത്രി ഒരു മണിയോടെയാണ് വീട്ടിലെത്തിയത്. ഇപ്പോൾ ദേഹമാസകലം വേദനയുണ്ട്. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ മുണ്ടുപാലം ചുങ്കത്ത് വീട്ടിൽ റൂം ക്വാറൻറീനിലിരിക്കുമ്പോഴും മുന്നിലെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നവർക്കായി ഒന്നും ചെയ്യാനായില്ലെന്ന സങ്കടം ബാക്കിയാണ് ഷഫാഫിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.