നാടണയാന്‍ കൊതിച്ചവരും വിസിറ്റ് വിസ തീര്‍ന്നവരും; യാത്രക്കാര്‍ പലവിധം
text_fieldsകോഴിക്കോട്: 'നല്ല സുഖം തോന്നുന്നില്ല. ശമ്പളം വെട്ടിക്കുറച്ചു. വീട്ടുകാരെ കാണാന്‍ ആഗ്രഹിക്കുന്നു'-വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട ദൗത്യം വഴി നാട്ടിലെത്താനുള്ള അപേക്ഷയില്‍ ബാലുശ്ശേരി തത്തമ്പത്ത് ചേരിക്കാപറമ്പില്‍ രാജീവന് കുറിച്ചതിതാണ്. 30 വര്‍ഷത്തോളം ദുബൈയില്‍ ജോലിചെയ്ത രാജീവെൻറ വീട്ടുകാരെ കാണാനുള്ള ആഗ്രഹം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്വേയില്തന്നെ അവസാനിച്ചു.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തിയവരാണ് കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും ഏറെയും.
നാദാപുരം േപാതില് മനാല്‍ അഹമ്മദ് എന്ന 25കാരി പ്രസവത്തോടനുബന്ധിച്ചാണ് നാട്ടിലേക്ക് വരാന്‍ തീരുമനിച്ചത്. മനാലും മരണത്തിന് കീഴടങ്ങി. യു.എ.ഇയില്‍ സന്ദര്‍ശന വിസയില്‍ പോയി കോവിഡ് കാലത്ത് കുടുങ്ങിയവരാണ് അപകടത്തില്‍പ്പെട്ടവരേറെയും. ജോലി നഷ്ടമായവരും അസുഖംകാരണം തിരിച്ചെത്തുന്നവരും പഠനത്തിന് പോയ ശേഷം തിരിച്ചെത്താന്‍ പറ്റാത്തവരും യാത്രക്കാരിലുണ്ടായിരുന്നു. ഏറ്റവും കൂടുതലുണ്ടായിരുന്നത് സന്ദര്‍ശക വിസ തീര്‍ന്ന് മടങ്ങുന്നവരായിരുന്നു. 67 പേരാണ് ഇത്തരത്തിലുള്ള യാത്രക്കാര്‍. 23 പേര് ജോലി നഷ്ടമായതുകാരണം തിരിച്ചെത്തിയതായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ പട്ടാമ്പി മുതുതല അഴകത്തുമന പരമേശ്വരന് എന്ന യുവാവ് വിവാഹത്തിനുവേണ്ടിയാണ് വന്നത്. അടുത്തമാസം പത്തിനായിരുന്നു വിവാഹം നിശ്ചയിച്ചത്. വിമാനത്തിെൻറ പിന്ഭാഗത്തായിരുന്ന പരമേശ്വരന് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് കൊടിയത്തൂര്‍ കോട്ടമ്മല്‍ മുഹമ്മദ് ഫാസിലും വിവാഹവുമായി ബന്ധപ്പെട്ടാണ് വന്നത്. ഈ ചെറുപ്പക്കാരനും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മധ്യഭാഗത്തിനും പിന്‍ഭാഗത്തിനും നടുവിലായിരുന്നു ഫാസിലിെൻറ സീറ്റ്. രാത്രി 7.40ഓടെ ബന്ധുക്കളെ വിളിച്ച് അപകടവിവരം അറിയിക്കുകയായിരുന്നു. തലക്കും ചുണ്ടിനും പരിക്കേറ്റ ഫാസിലിനെ ആദ്യം കൊണ്ടോട്ടി മെഴ്സി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
പിന്നീട് കോഴിക്കോട് ഗവ. ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ശനിയാഴ്ച രാവിലെ കോവിഡ് പരിശോധന നെഗറ്റിവ് ആണെന്നറിഞ്ഞതോടെ ഫാസില്‍ വീട്ടിലെത്തി ക്വാറൻറീനിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.