ആത്മധൈര്യത്തിൽ ആയിഷ നേരിട്ടു; ജീവനുംകൊണ്ട് ഓടി കള്ളൻ
text_fieldsകോഴിക്കോട്: ആസൂത്രണ മികവോടെയെത്തിയ കള്ളനെ ആത്മധൈര്യത്തോടെ നേരിട്ട് ആയിഷ. മോഷ്ടാവുമായുള്ള മൽപിടിത്തത്തിെൻറ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ആയിഷ കാണിച്ച മനോധൈര്യമാണ് വൻ കവർച്ച ആസൂത്രണം ചെയ്തെത്തിയ മോഷ്ടാവിനെ ജീവനുംകൊണ്ട് ഓടാൻ പ്രേരിപ്പിച്ചത്.
നഗരത്തിലെ ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിെൻറ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ കവർച്ച നടന്നത്. ജനലിലെ മര അഴികൾ മുറിച്ചുമാറ്റി അകത്തുകടന്ന മോഷ്ടാവ് സലാമും ഭാര്യ റാബിയയും ഉറങ്ങിയ മുറി ആദ്യം പുറത്തുനിന്ന് ഷാൾ ഉപയോഗിച്ച് തുറക്കാനാവാത്ത വിധം കെട്ടുകയായിരുന്നു.
തുടർന്ന് മുകൾ നിലയിലെ ആളില്ലാത്ത മുറിയിലെത്തി അലമാരയടക്കം തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു. ഇവിടെ നിന്ന് ഒന്നും ലഭിക്കാതായതോടെ വീണ്ടും താഴെ സലാമിെൻറ മകൾ ആയിഷയുടെ മുറിയിലെത്തി. മുറിയിൽ പെട്ടെന്നുണ്ടായ ആളനക്കം കേട്ട് ആയിഷ ഞെട്ടി ഉണർന്നപ്പോഴാണ് ഒരാൾ നിൽക്കുന്നത് കണ്ടത്.
വെപ്രാളത്തിൽ പെട്ടെന്ന് ബഹളം വെക്കുകയായിരുന്നുവെന്ന് ആയിഷ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതോടെ മോഷ്ടാവ് വായപൊത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിയിൽ പതറാതെ പണം വേണോയെന്ന് ചോദിച്ചതോടെ അയാൾ അയഞ്ഞു. പണം എടുത്ത് തരുമെന്ന കണക്കുകൂട്ടലിൽ പിടിവിട്ടതോടെ ആയിഷ പ്രതിരോധിക്കുകയായിരുന്നു. ഇതിനിടെ ആയിഷയുടെ മൂന്നര വയസ്സുള്ള മകൾ ഇനാരയും എഴുന്നേറ്റ് കരച്ചിൽ തുടങ്ങി. ഉപ്പയും ഉമ്മയും അടുത്തമുറിയിൽ ബഹളം കേട്ടെങ്കിലും വാതിൽ ബന്ധിച്ചതിനാൽ ഇവർക്ക് പുറത്തിറങ്ങാനായതുമില്ല. കനത്ത മഴയുണ്ടായിരുന്നതിനാൽ, വീട്ടിലുണ്ടായിരുന്ന മറ്റാരും ഒന്നും അറിഞ്ഞതുമില്ല.
കരയുന്ന മകളിലേക്ക് മോഷ്ടാവ് തിരിയാതിരിക്കാൻ പെട്ടെന്ന് കൈകൾ കൂട്ടിപ്പിടിച്ച് ആയിഷ ഇയാളെ തള്ളിമുറിക്ക് പുറത്തേക്കാക്കി. ഇതോടെ കള്ളൻ പോക്കറ്റിലെ കവറിൽ സൂക്ഷിച്ച മുളകുപൊടി മുഖത്തേക്ക് എറിഞ്ഞു. എന്നാൽ ഒഴിഞ്ഞു മാറിയതിനാൽ മുളകുപൊടി ആയിഷയുടെ കണ്ണിലായില്ല. ഇതോെട നേരത്തെ തുറന്നുെവച്ച വാതിൽ വഴി കള്ളൻ പുറത്തേക്കോടുകയായിരുന്നു.
കുടുംബം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂമിലെ പട്രോളിങ് സംഘം എത്തി മേഖലയിലാകെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മേൽക്കൂരയിലെ ഓടിളക്കി അകത്തുകയറാനുള്ള ശ്രമം വീടിന് മച്ചുള്ളതിനാൽ പരാജയപ്പെട്ടതോടെയാണ് മോഷ്ടാവ് ജനൽ അഴി ഹാക്സോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിച്ചുമാറ്റി ഉള്ളിൽ കടന്നത്. വിരലടയാളം പതിയാതിരിക്കാൻ ഇയാൾ കൈയുറകൾ ധരിച്ചിരുന്നു.
െഡപ്യൂട്ടി പൊലീസ് കമീഷണർ സ്വപ്നിൽ മഹാജൻ, ടൗൺ അസി. കമീഷണർ പി. ബിജുരാജ്, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ്, ടൗൺ ഇൻസ്പെക്ടർ പി. രാജേഷ്, എസ്.ഐ ഷൈജു എന്നിവരും വിരലടയാള വിദഗ്ധൻ പി. ശ്രീരാജ്, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.