അജ്നാസിന്റെ അറസ്റ്റ്; പിടിയിലായത് കോഴിക്കോട്ടെ പിടിച്ചുപറി സംഘത്തിലെ പ്രധാന കണ്ണി
text_fieldsകോഴിക്കോട്: നഗരത്തിലെ രാത്രികാല പിടിച്ചുപറി സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ. അന്നശ്ശേരി പറപ്പാറ സ്വദേശി അജ്നാസ് (26) നെയാണ് സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്. രാത്രിയിൽ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോണുകളും പണവും അപഹരിച്ചതുസംബന്ധിച്ച നിരവധി പരാതികൾ വിവിധ സ്റ്റേഷനുകളിൽ ലഭിച്ചതിനെ തുടർന്ന് പൊലീസ് രാത്രികാല പരിശോധന ശക്തമാക്കിയതിനിെടയാണ് അജ്നാസ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലർച്ച മാനാഞ്ചിറ ഗവ. മോഡൽ സ്കൂൾ പരിസരത്ത് പൊലീസിനെ കണ്ട് ഓടി മറയാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. പിടിയിലായപ്പോൾ കൈവശം കവർന്ന മൊബൈൽ ഫോൺ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ടൗൺ സ്റ്റേഷൻ പരിധിയിലെ മോഷണം നടത്തിയത് സമ്മതിക്കുകയും എലത്തൂർ, കസബ സ്റ്റേഷനുകളിലെ മോഷണ കേസുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയും ചെയ്തു.
കവർച്ച മറ്റാരെങ്കിലും കാണാനിടവന്നാൽ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതും ഇയാളുടെ രീതിയാണെന്നും ലഹരി ഉപയോഗിച്ചതിന് വെള്ളയിൽ, കൊയിലാണ്ടി സ്റ്റേഷനുകളിൽ കേസുണ്ടെന്നും ടൗൺ സി.ഐ എ. ഉമേഷ് പറഞ്ഞു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത് കൂടാതെ ടൗൺ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അബ്ദുൽ സലീം, സുബ്രഹ്മണ്യൻ, സീനിയർ സി.പി.ഒ ഉദയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.