ത്രിമാന ചിത്രകലയുടെ മാന്ത്രികൻ ശിവദാസ് വാസു ഇനി 'അക്ഷരവീട്ടിൽ'
text_fieldsആലപ്പുഴ: പോരാട്ട സ്മരണകളിരമ്പുന്ന പുന്നപ്രയുടെ സമരഭൂമികയിൽ തീർത്ത 'ച' അക്ഷരവീട് ത്രിമാന ചിത്രകലയുടെ മാന്ത്രികൻ ശിവദാസ് വാസുവിന് സമർപ്പിച്ചു. വ്യാഴാഴ്ച കപ്പക്കട പത്തിൽ പാലത്തിന് സമീപം പറവൂർതെക്ക് എൻ.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദാണ് സമർപ്പണം നിർവഹിച്ചത്. അക്ഷരവീട് സാക്ഷാത്കാരം ചേർത്തുപിടിക്കലും ഐക്യദാർഢ്യവുമാണെന്ന് മന്ത്രി പ്രസാദ് അഭിപ്രായപ്പെട്ടു. ഐക്യദാർഢ്യം ആവശ്യമായ കാലഘട്ടത്തിലാണ് ഇതെന്നത് ഏറെ പ്രസക്തമാണെന്നും പാർപ്പിടമെന്ന ലക്ഷ്യം ഒരേസമയം പ്രതീക്ഷയും സ്വപ്നസാക്ഷാത്കാരവുമാണെന്നും അദ്ദേഹം പറഞ്ഞു. ശിവദാസ് വാസുവിന്റെ ചിത്രങ്ങൾ അത്ഭുതാവഹവും വ്യത്യസ്തത നിറഞ്ഞതുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മധുരമൂറും മലയാള അക്ഷരങ്ങളാൽ അറിയപ്പെടുന്ന 'അക്ഷരവീടു'കൾ 'മാധ്യമം' ദിനപത്രവും സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി-എൻ.എം.സി ഗ്രൂപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ്. മഹാപ്രളയത്തെ അതിജീവിച്ച ആലപ്പുഴയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ പര്യാപ്തമായ ശൈലിയിൽ രൂപപ്പെടുത്തിയ അക്ഷരവീടെന്ന പ്രത്യേകതയുണ്ട് 'ച' വീടിന്. അപ്രതീക്ഷിതമായി കടന്നെത്തുന്ന വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ ചതുപ്പുനിലത്തുനിന്ന് അഞ്ചടി പൊക്കത്തിൽ എട്ട് കോൺക്രീറ്റ് തൂണുകൾക്ക് മേലാണ് വീട് ഉയർന്നിട്ടുള്ളത്.
പുന്നപ്ര തെക്ക് കപ്പക്കട എട്ടില്ച്ചിറയില് വാസുവിന്റെയും ലീലയുടെയും മകനായ ശിവദാസ് റോഡരികിലെ കൂറ്റൻ ഹോർഡിങ്ങുകൾ വരക്കുന്ന കലാകാരന്മാരെ നിരീക്ഷിച്ച് അക്ഷരാർഥത്തിൽ ഏകലവ്യനായാണ് വരപഠിച്ചത്. സാമ്പത്തികപരിമിതി ചിത്രരചന പഠിക്കുന്നതിന് തടസ്സമായപ്പോള്‍ ഇൻറര്നെറ്റായി ആശ്രയം. ലോകോത്തര കലാകാരന്മാരുടെ ട്യൂട്ടോറിയല്‍ വിഡിയോ യൂട്യൂബില്‍ കണ്ടായിരുന്നു പരിശീലനം. ഓയില്‍ പെയിൻറ്, അക്രിലിക്, സ്റ്റംപ് വര്‍ക്ക്, ചാര്‍ക്കോള്‍ പെന്‍സില്‍ തുടങ്ങിയ മാധ്യമങ്ങളില്‍ മികവ് തെളിയിച്ച് കേരളത്തില്‍ ത്രിമാനചിത്രകല ആദ്യമായി പരീക്ഷിച്ച് വിജയംനേടിയ കലാകാരനാണ്. 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എയായിരുന്നു മുഖ്യാതിഥി. ശിവദാസിന് അക്ഷര ഫലകം അദ്ദേഹം കൈമാറി.
നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സംഘടന എന്ന നിലയിലാണ് അക്ഷരവീടുമായി 'അമ്മ' കൈകോർത്തതെന്ന് ശിവദാസിനെ പൊന്നാട അണിയിച്ച നടൻ ജയൻ ചേർത്തല പറഞ്ഞു. പുന്നപ്ര നോർത്ത് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, ഗ്രാമപഞ്ചായത്ത് അംഗം കവിത, ജില്ല രക്ഷാധികാരി ഹക്കീം പാണാവള്ളി, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ റോജസ് ജോസ്, പറവൂർ തെക്ക് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. മാധ്യമം റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫർ സ്വാഗതവും ആലപ്പുഴ ബ്യൂറോ ചീഫ് അഷ്റഫ് വട്ടപ്പാറ നന്ദിയും പറഞ്ഞു. ഹാബിറ്റാറ്റ് എൻജീനീയർ ബി. വിനോദ്കുമാർ, മാധ്യമം ബി.ഡി.ഒ എ.ആർ. ഉബൈദ് എന്നിവരെ സി.ഇ.ഒ ആദരിച്ചു. മാധ്യമം ഡെ. ജനറൽ മാനേജർ ഹാരിസ് വള്ളിൽ, ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, മാധ്യമം പി.ആർ. മാനേജർ ഷൗക്കത്തലി, അസി. മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ, ബിസിനസ് സൊല്യൂഷൻസ് മാനേജർ ടി. പ്രശാന്ത്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.