അക്ഷയിന്റെ മരണത്തിൽ ദുരൂഹത; കൊലപാതക സംശയത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം
text_fieldsകോഴിക്കോട്: നരിപ്പറ്റ കുമ്പളച്ചോലയിലെ വി.കെ. അക്ഷയിന്റെ മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും കൊലപാതകം സംശയിക്കുന്നതിനാൽ സമഗ്രാന്വേഷണം വേണമെന്നും ബന്ധുക്കളും നാട്ടുകാരും. ഏപ്രിൽ 14ന് വിഷുനാളിൽ രാവിലെയാണ് വീട്ടിൽനിന്ന് ആറുകിലോമീറ്റർ അകലെ വിലങ്ങാട് വാളൂക്ക് മരിയഗിരി പള്ളിയുടെ മേൽഭാഗത്ത് വനത്തോട് ചേർന്നുള്ള സ്ഥലത്തെ മരത്തിൽ അക്ഷയിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
13ന് വൈകീട്ട് വീട്ടിൽനിന്ന് ബൈക്കിൽ പോയ അക്ഷയ് അർധരാത്രി വരെ സുഹൃത്തുക്കൾക്കൊപ്പമുണ്ടായിരുന്നു. മാത്രമല്ല, രാത്രി രണ്ടുമണിക്ക് ഒറ്റക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യവുമുണ്ട്. മകൻ മരിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് പിതാവ് വടക്കേകമ്മായിമ്മൽ സുരേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുറ്റ്യാടി പൊലീസിന്റെ നിലവിലെ അന്വേഷണം തൃപ്തികരമല്ല. മകന്റെ മരണത്തിൽ സംശയമുള്ള ഒരാളെ സംബന്ധിച്ച് മൊഴി നൽകിയിട്ടും പൊലീസ് മുഖവിലക്കെടുത്തില്ല. മതിയായ തെളിവുകൾ പോലും ശേഖരിക്കാതെ ആത്മഹത്യയെന്ന് വിധിയെഴുതാനാണ് പൊലീസ് തിടുക്കം കാട്ടുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
എം.ഇ.ടി കോളജിൽ ബി.ബി.എ അവസാന വർഷ വിദ്യാർഥിയും കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയുമാണ് അക്ഷയ്. ആരുമായും ഒരു പ്രശ്നവുമില്ല.
വനത്തോടുചേർന്ന് ഏഴുമീറ്ററോളം ഉയരമുള്ള, താഴ്ഭാഗത്ത് ശാഖകളില്ലാത്ത മരത്തിലാണ് അക്ഷയ് തൂങ്ങിയത്. മരത്തിൽ കയറാനോ കയറുകൊണ്ട് നല്ല രീതിയിൽ കെട്ടാനോ പോലും അക്ഷയ്ക്ക് അറിയില്ലെന്ന് അയൽവാസിയായ കെ. അശോകൻ പറഞ്ഞു.
ആരോ കൊന്ന് കെട്ടിത്തൂക്കിയതിന് സമാനമായ സാഹചര്യത്തെളിവുകളാണ് ഉണ്ടായിരുന്നത്. അക്ഷയിന്റെ ബൈക്ക് ഒരു വീടിന് സമീപവും ഷൂസ് മറ്റൊരു സ്ഥലത്തുമായിരുന്നു. ഒട്ടും വെളിച്ചമില്ലാത്ത സ്ഥലത്തെ മരത്തിൽ അർധരാത്രി എങ്ങനെ കയറി എന്നതടക്കം ദുരൂഹമാണ്. മരത്തിൽ കയറുമ്പോൾ സ്വാഭാവികമായും ഷർട്ടിൽ അഴുക്കാകും.
എന്നാൽ, അക്ഷയ് ധരിച്ച വെളുത്ത ഷർട്ടിൽ എവിടെയും അഴുക്കുണ്ടായിരുന്നില്ല.
മരണത്തിൽ അനവധി ദുരൂഹതകൾ ഉണ്ടായിട്ടും, നാട്ടുകാർ ഇത് ശ്രദ്ധയിൽപെടുത്തിയിട്ടും കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർ കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ് പറഞ്ഞു.
വലിയ ആക്ഷേപം ഉയർന്നിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമാക്കാത്തപക്ഷം കെ.എസ്.യു പ്രക്ഷോഭം ആരംഭിക്കുമെന്നും സൂരജ് പറഞ്ഞു. ഫായിസ് നടുവണ്ണൂർ, അനസ് നങ്ങാണ്ടി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.