കലക്കി, കാലിക്കറ്റ്
text_fieldsകോഴിക്കോട്: സമ്മോഹന കിരീടമായ അശുതോഷ് മുഖർജി ഷീൽഡ് ഒരുവട്ടംകൂടി കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തുന്നത് ആദ്യ കിരീടത്തിന്റെ സുവർണ ജൂബിലി വർഷത്തിൽ. 1971 ഒക്ടോബർ 19നായിരുന്നു വിക്ടർ മഞ്ഞിലയുടെ നേതൃത്വത്തിൽ കാലിക്കറ്റ് ആദ്യമായി അന്തർ സർവകലാശാല ഫുട്ബാൾ കിരീടം സ്വന്തമാക്കിയത്. ഈ നേട്ടത്തിന്റെ അമ്പതാം വാർഷികാഘോഷക്കാലമാണിത്. പിറന്നുവീണ് മൂന്നാം വർഷത്തിലായിരുന്നു ആ നേട്ടം. അശുതോഷ് മുഖർജി ഷീൽഡ് ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയത് കാലിക്കറ്റാണ്. പതിനൊന്നാം കിരീടമാണ് കോതമംഗലത്ത് കാലിക്കറ്റ് നേടിയത്. 2018ലായിരുന്നു ഇതിനുമുമ്പ് അവസാന കിരീടം. പഞ്ചാബി സർവകലാശാലയെ 1-0ത്തിന് കീഴടക്കിയായിരുന്നു അന്നത്തെ വിജയം.
2012നു ശേഷം നാലാം തവണയാണ് കാലിക്കറ്റ് ഫുട്ബാൾ കിരീടം നേടുന്നത്. ഡോ. വി.പി. സക്കീർ ഹുസൈന്റെ നേതൃത്വത്തിലുള്ള കായിക വിഭാഗത്തിന്റെ നേട്ടം കൂടിയാണിത്. സന്തോഷ് ട്രോഫിയിലടക്കം കേരളത്തെ ജേതാക്കളാക്കിയ പരിശീലകൻ സതീവൻ ബാലനും ഈ വിജയത്തിൽ പ്രധാന പങ്കാളിയായി. മൂന്നാം തവണയാണ് സതീവൻ ബാലൻ ടീമിനെ ജേതാക്കളാക്കുന്നത്. 2013-14, 2016-17, 2017-18 വർഷങ്ങളിലാണ് സതീവൻ ബാലൻ കാലിക്കറ്റിനെ കിരീടം ചൂടിച്ചത്.
ഇൻറർകൊളീജിയറ്റ് മത്സരങ്ങളിൽനിന്ന് ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തിയാണ് ദക്ഷിണ മേഖല, അഖിലേന്ത്യ അന്തർ സർവകലാശാല പോരാട്ടങ്ങളിലേക്ക് ടീമിനെ ഒരുക്കിയത്. തേഞ്ഞിപ്പലത്ത് സർവകലാശാല സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. ഡിസംബർ 18 മുതൽ ജനുവരി ആറുവരെ നീണ്ട ക്യാമ്പിനു ശേഷമാണ് ദക്ഷിണ മേഖല മത്സരങ്ങൾക്ക് കാലിക്കറ്റ് യാത്രയായത്. സെമിയിലെത്തി അന്തർ സർവകലാശാല മത്സരങ്ങൾക്ക് യോഗ്യത നേടിയെങ്കിലും ദക്ഷിണ മേഖലയിൽ മൂന്നാം സ്ഥാനമായിരുന്നു ലഭിച്ചത്. എന്നാൽ, അന്തർ സർവകലാശാല പോരാട്ടങ്ങളിൽ ടീം സടകുടഞ്ഞെഴുൽന്നേക്കുകയായിരുന്നു. ഒരു ഗോൾപോലും വഴങ്ങാതെയായിരുന്നു സഫ്നിതിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പടയോട്ടം.
10 ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ രണ്ടു ട്രോഫികളാണ് തേഞ്ഞിപ്പലത്തെ സർവകലാശാല ആസ്ഥാനത്തേക്ക് എത്തുന്നത്. ഭുവനേശ്വറിൽ നടന്ന അന്തർ സർവകലാശാല പുരുഷ വോളിബാളിലും കാലിക്കറ്റായിരുന്നു ജേതാക്കൾ. 32 വർഷത്തിനു ശേഷമായിരുന്നു ആ കിരീടം കാലിക്കറ്റിന് സ്വന്തമായത്. പുണെയിൽ നടന്ന വനിത ബേസ്ബാളിലും കാലിക്കറ്റ് തന്നെയാണ് ജേതാക്കൾ.
അതേസമയം, നിരവധി മത്സരങ്ങളിൽ അഭിമാനമാകുമ്പോഴും പല കായികയിനങ്ങൾക്കും സ്ഥിരം പരിശീലകരില്ലാതെയാണ് കാലിക്കറ്റിന്റെ കുതിപ്പ്. നേരത്തേ ഫുട്ബാളിൽ സി.പി.എം. ഉസ്മാൻ കോയ, വിക്ടർ മഞ്ഞില, വോളിബാളിൽ അബ്ദുറഹ്മാൻ, ഭാസ്കര കുറുപ്പ്, അത്ലറ്റിക്സിൽ എൻ.എസ്. കൈമൾ, ഡോ. മുഹമ്മദ് അഷ്റഫ്, ബാഡ്മിന്റണിൽ മുരളീധരൻ, ഗുസ്തിയിൽ റെയ്ക്കർ, വെയ്റ്റ്ലിഫ്റ്റിങ്ങിൽ കൃഷ്ണകുമാർ തുടങ്ങിയ പരിശീലകർ സ്വന്തമായുണ്ടായിരുന്നു. കബഡി, ഹോക്കി, ഹാൻഡ്ബാൾ, ഖോഖോ, ടെന്നിസ് ഇനങ്ങൾക്കും സർവകലാശാലക്ക് സ്വന്തമായി പരിശീലകരുള്ള കാലമായിരുന്നു അത്. നിലവിൽ കോച്ചുമാരുടെ നിയമനം നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.