കോഴിക്കോട് മിഠായിത്തെരുവിൽ അപകടാവസ്ഥയിലായ മുഴുവൻ വിളക്കുകളും മാറ്റി സ്ഥാപിക്കാൻ തീരുമാനം
text_fieldsകോഴിക്കോട്: മിഠായിത്തെരുവിൽ അപകടാവസ്ഥയിലായ മുഴുവൻ വിളക്കുകളും മാറ്റി സ്ഥാപിക്കാൻ തീരുമാനം. വ്യാഴാഴ്ച ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. തകരാറിലായ ലോമാസ്റ്റ് വിളക്കും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എൽ.ഇ.ഡി ക്ലസ്റ്റർ ലൈറ്റുകളും മാറ്റി സ്ഥാപിക്കും. വിളക്ക് അപകടാവസ്ഥയിലായത് വലിയ പരാതിക്കിടയാക്കിയിരുന്നു.
ആറ് ലോമാസ്റ്റ് ലൈറ്റുകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തിപ്പിക്കുക. 80 വാട്ടിന്റെ 24 ലൈറ്റുകളുടെ പരിപാലന ചുമതല കിയോണിക്സിനെ (കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് കോർപറേഷൻ) ഏൽപ്പിക്കാൻ കോർപറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി തീരുമാനിച്ചിട്ടുണ്ട്. നഗരസഭയിലെ തെരുവു വിളക്കുകൾ പരിപാലിക്കുന്ന സ്ഥാപനമാണ് കിയോണിക്സ്.
ആറ് ലോമാസ്റ്റ് ലൈറ്റുകൾ കിയോണിക്സിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ വിഭാഗം അസി. എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്ട്രീറ്റ് മെയിനിൽ നിന്ന് കണക്ഷൻ കൊടുക്കാനാണ് തീരുമാനം. നിലവിൽ ഓരോ ലൈറ്റിനും പ്രത്യേക കണക്ഷനുകളാണുള്ളത്. ലൈറ്റുകളുടെ വൈദ്യുതി ചാർജ് ഉൾപ്പെടെ അടച്ച് പരിപാലിക്കണമെന്നതിന് മാസം 12600 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് 1,51,200 രൂപ കിയോണിക്സിന് നൽകണം. കിഡ്സൺ കോർണർ, പി.എം. താജ് റോഡ് ജങ്ഷൻ, കോർട്ട് റോഡ് ജങ്ഷൻ, പാഴ്സി ടെമ്പിളിനു സമീപം, കോയൻകോ ജങ്ഷൻ, എം.പി റോഡ് ജങ്ഷൻ എന്നിവിടങ്ങളിലാണ് പുതിയ വിളക്ക് വരിക.
അപകടാവസ്ഥയിലുള്ള 300 എൽ.ഇ.ഡി ക്ലസ്റ്റർ ലൈറ്റുകളും മാറും മിഠായിത്തെരുവിലെ തെക്കും വടക്കും ഭാഗങ്ങളിലായി സ്ഥാപിച്ച 300 ഓളം എൽ.ഇ.ഡി ക്ലസ്റ്റർ ലൈറ്റുകൾ മഴയത്ത് വെള്ളം നിറഞ്ഞ് തുരുമ്പെടുത്ത് പൊട്ടി വീണ് അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കോർപറേഷൻ കണ്ടെത്തിയിരുന്നു. 2017ൽ മിഠായിത്തെരുവ് നവീകരിച്ചപ്പോഴാണ് തെരുവിലെ രണ്ടറ്റത്തും മേലാപ്പിലും ഉണ്ടാവിളക്കുകളും മറ്റ് ഭാഗങ്ങളിൽ ലോമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.