മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ അമ്മത്തൊട്ടിൽ ഒരുങ്ങുന്നു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന തരത്തിൽ അമ്മത്തൊട്ടിൽ സംവിധാനത്തിന് ജില്ലയിൽ കളമൊരുങ്ങുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന സംഭവം പെരുകിവരുന്നതിനാൽ ഐ.എം.സി.എച്ചിൽ അമ്മത്തൊട്ടിൽ ആവശ്യമാണെന്ന് ശിശുക്ഷേമ സമിതി സർക്കാറിനോട് ശിപാർശ ചെയ്തതോടെയാണ് ഇതിന് സാഹചര്യമൊരുങ്ങുന്നത്.
നവജാതശിശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും മികച്ച ചികിത്സ ഉറപ്പുവരുത്താനും സാധിക്കുമെന്നതിനാലാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തോട് ചേർന്ന് അമ്മത്തൊട്ടിൽ നിർമിക്കണമെന്ന് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടത്. അമ്മത്തൊട്ടിലിൽ എത്തപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ആശുപത്രിയിൽനിന്നുതന്നെ വേണ്ട ചികിത്സ നൽകി ആരോഗ്യം ഉറപ്പുവരുത്താനും തുടർന്ന് ശിശുക്ഷേമ സമിതിക്ക് കൈമാറാനും സാധിക്കും.
കഴിഞ്ഞദിവസമാണ് രാമനാട്ടുകര ബൈപാസ് റോഡിൽ മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ചപ്പോഴാണ് അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. പി.എം. തോമസ് പറഞ്ഞു.
ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞിനെ വളർത്താനാകില്ലെന്ന് കരുതിയാണ് മാതാവ് കുഞ്ഞിനെ ഉപേക്ഷിച്ചത്. പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവവും ജില്ലയിൽ നടന്നിരുന്നു. ഇങ്ങനെ റോഡരികിലും മറ്റും കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെടുമ്പോൾ നായ്ക്കൾ കടിച്ചുകീറാനും മറ്റ് അപകടങ്ങൾ പറ്റി ജീവൻ നഷ്ടപ്പെടാനും സാധ്യതയേറെയാണ്. അമ്മത്തൊട്ടിൽ പോലുള്ള സൗകര്യമുണ്ടെങ്കിൽ ആളുകൾ കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിക്കുന്ന സാഹചര്യം ഇല്ലാതാകും.
കുഞ്ഞിനെ വളർത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റുള്ളവർക്ക് വളർത്താൻ അനധികൃതമായി നൽകിയ സംഭവവും ജില്ലയിൽ അരങ്ങേറിയിരുന്നു.
മൂന്ന് വർഷങ്ങൾക്ക് ശേഷം സംഭവം വിവാദമാവുകയും വളർത്തു രക്ഷിതാക്കളിൽനിന്ന് കുഞ്ഞിനെ ശിശുക്ഷേമ സമിതി യാഥാർഥ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു.
അനധികൃത ദത്തുകൾ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും പലപ്പോഴും കണ്ടെത്താനാകുന്നില്ല. ഇങ്ങനെ അനധികൃതമായി ദത്തുനൽകപ്പെടുന്ന കുഞ്ഞുങ്ങൾ വളർത്തു രക്ഷിതാക്കളിൽനിന്ന് പീഡനമനുഭവിക്കുന്ന സംഭവങ്ങളും ചെറുതല്ല.
ഇത്തരം സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് ജില്ലയിൽ അമ്മത്തൊട്ടിൽ ആവശ്യമാണെന്ന് ശിശുക്ഷേമസമിതി സർക്കാറിനെ അറിയിച്ചത്. ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയാണ് മാതൃശിശു സംരക്ഷണകേന്ദ്രം.
അതേസമയം, ജില്ലയിൽ ഇലക്ട്രോണിക് അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. ബീച്ച് ഗവ. ജനറൽ ആശുപത്രിയോട് ചേർന്ന് അമ്മത്തൊട്ടിൽ സ്ഥാപിക്കാനുള്ള നീക്കം ഒരുവർഷംമുമ്പ് തുടങ്ങിയതാണ്.
24,11,000 രൂപയുടെ എസ്റ്റിമേറ്റിന് അനുമതിയായെങ്കിലും അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നതിനുള്ള ഇ-ടെൻഡർ നടപടി പൂർത്തീകരിച്ചിട്ടേയുള്ളൂ. ബീച്ച് ആശുപത്രി മാസ്റ്റർ പ്ലാനിൽ അമ്മത്തൊട്ടിലിനുള്ള സ്ഥലംകൂടി ഉൾപ്പെടുത്തിയിരുന്നു.
ഏപ്രിലിൽ പണിതുടങ്ങുമെന്ന് പറഞ്ഞിരുന്ന അമ്മത്തൊട്ടിലിന്റെ നിർമാണപ്രവർത്തനങ്ങൾ മേയ് ആയിട്ടും തുടങ്ങിയിട്ടില്ല. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അമ്മത്തൊട്ടിൽ ഉണ്ടെങ്കിലും ഓട്ടോമാറ്റിക് സംവിധാനമുള്ള അമ്മത്തൊട്ടിൽ ജില്ലയിൽ മാത്രമാണ് വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ, വർഷം ഒന്നു കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.