വേണ്ടെങ്കിലും കൊല്ലല്ലേ... ബീച്ച് ആശുപത്രിയിൽ അമ്മത്തൊട്ടിൽ ഉടൻ
text_fieldsകോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൈപിടിക്കാൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ അമ്മത്തൊട്ടിൽ ഉടൻ തുറക്കും. ആശുപത്രി കോംപൗണ്ടിൽ തുടങ്ങുന്ന ഇലക്ട്രോണിക് അമ്മത്തൊട്ടിലിന്റെ കെട്ടിട നിർമാണം പൂർത്തിയായിക്കഴിഞ്ഞു. അമ്മത്തൊട്ടിൽ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഇതിനായി എഫ്.ഐ.ടി എസ്റ്റിമേറ്റ് തയാറാക്കി വനിതാ ശിശുക്ഷേമ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കും. പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് അമ്മത്തൊട്ടിൽ ഉദ്ഘാടനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതർ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിനടുത്ത് പൂന്തോട്ടവും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടവും തൊട്ടിൽ നിർമാണവും അടക്കം 33 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുന്നത്. തൊട്ടിലിന് മാത്രം എട്ട് ലക്ഷം രൂപ ചെലവ് വരും. മുൻ എം.എൽ.എയായിരുന്ന എ. പ്രദീപ് കുമാറിന്റെയും നിലവിലെ ജനപ്രതിനിധി തോട്ടത്തിൽ രവീന്ദ്രന്റെയും പ്രാദേശിക വികസന ഫണ്ടിൽനിന്നാണ് പദ്ധതിക്ക് പണം വകയിരുത്തിയത്. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് നായ്ക്കളുടെ കടിയേൽക്കുന്നതുൾപ്പെടെ ജീവൻ അപകടത്തിലാവുന്ന സാഹചര്യങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോമാറ്റിക് വാതിലുകളുള്ള ഇലക്ട്രോണിക് അമ്മത്തൊട്ടിൽ പദ്ധതി വിഭാവനം ചെയ്തത്. ബീച്ച് ആശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡിൽനിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് അമ്മത്തൊട്ടിൽ നിർമിച്ചത്. ഇവിടെ കുഞ്ഞുങ്ങളെ എത്തിച്ചാലുടൻതന്നെ ആ വിവരം ഫോട്ടോ സഹിതം അധികൃതരിലേക്കെത്തും. പക്ഷേ, കുഞ്ഞിനെ എത്തിച്ചയാളുടെ ഫോട്ടോ എവിടെയും പതിയില്ല. അവർക്ക് സുരക്ഷിതരായി മടങ്ങാം. രണ്ടു മിനിറ്റിനുള്ളിൽ അധികൃതരെത്തി കുഞ്ഞിനെ ഏറ്റുവാങ്ങും. ആശുപത്രി മാസ്റ്റർ പ്ലാനിൽ അമ്മത്തൊട്ടിലും ഉൾപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് യാഥാർഥ്യമാവാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.