അമീബിക് മസ്തിഷ്ക ജ്വരം: പരിശോധന ഫലം ഇന്ന്
text_fieldsകോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സംശയിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന 12കാരൻ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഫാറൂഖ് കോളജിനടുത്ത ഇരുമൂളിപ്പറമ്പ് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ളത്. പുതുച്ചേരി ലാബില്‍ നിന്ന് കുട്ടിയുടെ സ്രവ പരിശോധന ഫലം വ്യാഴാഴ്ച ലഭിക്കും. കുട്ടി കുളിച്ച അച്ചനമ്പലം കുളത്തിലെ വെള്ളത്തിന്റെ സാമ്പിളും പരിശോധനക്ക് അയച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും പുതുച്ചേരിയിലെ പരിശോധന ഫലം കൂടി എത്തിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ. അച്ചനമ്പലം കുളത്തില്‍ കുളിച്ച മറ്റുള്ളവരെയും നിരീക്ഷണ വിധേയമാക്കുന്നുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അപൂര്‍വമായി മാത്രം കണ്ടെത്തുന്ന അമീബയായതിനാല് ജില്ലയില്‍ പൂര്‍ണ ജാഗ്രത നിര്‍ദേശം നല്‍കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 16നാണ് വിദ്യാര്‍ഥി അച്ചനമ്പലം കുളത്തില്‍ കുളിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കണ്ണൂര്‍ സ്വദേശിനിയായ 13കാരി കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു.
അച്ചൻകുളത്തിലെ അണുബാധ: വ്യാഴാഴ്ച സർവകക്ഷി യോഗം
രാമനാട്ടുകര: പന്ത്രണ്ട് വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇന്ന് സർവകക്ഷി യോഗം നടക്കും. ഉച്ചക്ക് 1.30ന് ഫാറൂഖ് കോളജിനടുത്ത സാംസ്കാരിക നിലയത്തിലാണ് യോഗം ചേരുകയെന്ന് രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ കെ. സുരേഷ് അറിയിച്ചു.
ഫാറൂഖ് കോളജിന് സമീപത്തെ അച്ചന്‍കുളത്തില്‍ കുളിച്ച കുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിലാണെങ്കിലും രോഗം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് ഇതേ വരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ആരോഗ്യ വകുപ്പിന് കീഴിൽ ആശാ വര്‍ക്കര്‍മാർ അച്ചൻകുളം ഉൾപ്പെടുന്ന അഞ്ച്, 24 ഡിവിഷനുകളിലെ താമസക്കാരും കുളവുമായി ബന്ധപ്പെട്ടവരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. ദിവസവും ഒട്ടേറെ ആളുകൾ കുളം ഉപയോഗിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.