പൊളിഞ്ഞുവീഴാറായി നഗരത്തിലെ പുരാതന കെട്ടിടങ്ങൾ
text_fieldsകോഴിക്കോട്: നഗരത്തിലെ പഴയ കെട്ടിടങ്ങൾ യാത്രക്കാർക്ക് ഭീഷണിയാവുന്ന നില തുടരുന്നു. ഏറ്റവുമൊടുവിൽ സിൽക്ക് സ്ട്രീറ്റ് വെസ്റ്റ് റോഡിലെ പഴയ ഇരുനില മാളികയാണ് റോഡിലേക്ക് അടർന്നുവീണത്. തുലാമഴയിൽ ഓടും ഇഷ്ടികയുമടക്കമാണ് റോഡിലേക്ക് വീണത്.
വലിയങ്ങാടിയിലേക്കും ഗണ്ണി സ്ട്രീറ്റിലേക്കും കോർട്ട് റോഡിലേക്കും പട്ടുതെരുവിലേക്കും ബീച്ചിലേക്കുമെല്ലാം നൂറുകണക്കിനാളുകൾ പോവുന്ന തിരക്കേറിയ റോഡിലാണ് കെട്ടിടം കാലപ്പഴക്കം കാരണം ഇടിഞ്ഞുവീഴുന്നത്. ഹിമായത്തുൽ ഇസ്ലാം സ്കൂളിലേക്കടക്കം നൂറുകണക്കിന് വിദ്യാർഥികൾ യാത്രചെയ്യുന്ന തെരുവാണിത്. തൊട്ടടുത്ത് സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്റെ പഴയ കെട്ടിടത്തിന്റെ ഭാഗം റോഡിലേക്ക് തൂങ്ങി ഏത് നിമിഷവും വീഴുമെന്ന സ്ഥിതിയിലാണ്.
അധികാരികളുടെ ശ്രദ്ധയിൽ പലതവണ കൊണ്ടുവന്നിട്ടും നടപടിയില്ലെന്നാണ് പരാതി. കെട്ടിടങ്ങൾ അപകടാവസ്ഥയിലായാൽ പൊളിച്ചുനീക്കാൻ കോർപറേഷന് നിർദേശം നൽകാനാവും. പല കെട്ടിടങ്ങളും അവകാശതർക്കങ്ങളും മറ്റും കാരണം നന്നാക്കാനോ ബാധ്യത ഏറ്റെടുക്കാനോ ആളില്ലാത്ത സ്ഥിതിയാണ്. പല കെട്ടിടങ്ങളും ഇപ്പോൾ നടത്തുന്നത് യഥാർഥ ഉടമകളല്ലെന്ന പ്രശ്നവുമുണ്ട്. നഗരത്തിൽ വലിയങ്ങാടി, കോർട്ട് റോഡ്, ചെറൂട്ടിറോഡ് മേഖലയിൽ പല കെട്ടിടങ്ങളും ജീർണാവസ്ഥയിലാണ്. ഇവയിൽ പലതും വഖഫ് സ്വത്തുക്കളായതിനാലും മറ്റും തർക്കത്തിലായതിനാൽ നന്നാക്കാതെ കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.