വാർഷിക കണക്കെടുപ്പ് പൂർത്തിയായി: മലബാർ വന്യജീവി സങ്കേതത്തിൽ 149 ഇനം പക്ഷികൾ
text_fieldsകോഴിക്കോട്: മലബാർ വന്യജീവി സങ്കേതത്തിൽ മൂന്നു ദിവസമായി നടന്ന പക്ഷികളുടെ കണക്കെടുപ്പ് പൂർത്തിയായി. ജില്ല വനം വകുപ്പും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും (എം.എൻ.എച്ച്.എസ്) ചേർന്ന് നടത്തിയ കണക്കെടുപ്പിൽ 149 ഇനം പക്ഷികളെ കണ്ടെത്തി.
ഇത് ഒമ്പതാം തവണയാണ് എം.എൻ.എച്ച്.എസിന്റെ നേതൃത്വത്തിൽ കണക്കെടുപ്പ് നടത്തുന്നത്. പൊടിപ്പൊന്മാൻ (Blue-eared Kingfisher), കിന്നരി പ്രാപ്പരുന്ത് (Black Baza), ബെസ്ര പ്രാപ്പിടിയൻ (Besra), റിപ്ലിമൂങ്ങ (Sri Lanka Bay Owl) തുടങ്ങിയവയാണ് കണക്കെടുപ്പിൽ രേഖപ്പെടുത്തിയ അപൂർവ ഇനങ്ങൾ. കണ്ടെത്തിയ ഇനങ്ങളിൽ 18ഉം ദേശാടകരാണ്. 15 എണ്ണം പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണുന്നതാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15ഓളം പുതിയ ഇനങ്ങളെയാണ് കണ്ടെത്തിയത്. കണക്കെടുപ്പിന്റെ അവലോകനയോഗം ജില്ല ഫോറസ്റ്റ് ഓഫിസർ ലത്തീഫ് ചോലക്കൽ ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫിസർ കെ.വി. ബിജു അധ്യക്ഷത വഹിച്ചു.
എം.എൻ.എച്ച്.എസ്. പ്രസിഡന്റ് സത്യൻ മേപ്പയൂർ സർവേ റിപ്പോർട്ട് അവതരിപ്പിച്ചു. ആറ് ക്യാമ്പുകളിലായി നടന്ന കണക്കെടുപ്പിൽ വനം വകുപ്പ് ജീവനക്കാരും 33 പക്ഷി നിരീക്ഷക വിദഗ്ധരും പങ്കെടുത്തു. എം.എൻ.എച്ച്.എസ് പ്രതിനിധികളായ സി.ജെ. തോമസ്, ഡോ. മുഹമ്മദ് റഫീക്ക് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.