ഫ്രഷ് മീൻ വേണ്ടവർക്ക് 'അന്തിപ്പച്ച'
text_fieldsകോഴിക്കോട്: കലർപ്പില്ലാത്തതും പഴക്കമില്ലാത്തതുമായ മീനുകൾ ഇടനിലക്കാരില്ലാതെ ജനങ്ങളിലെത്തിക്കുന്ന മത്സ്യഫെഡിന്റെ 'അന്തിപ്പച്ച' ജില്ലയിൽ ജനകീയ പിന്തുണയോടെ മുന്നേറുന്നു. അന്തിപ്പച്ചയെന്ന പേരിലുള്ള മൊബൈൽ യൂനിറ്റിൽ ഫോർമാലിൻ ചേർക്കാത്തതും ഫ്രീസറിൽ സൂക്ഷിക്കാത്തതും ഐസിട്ടതുമായ മത്സ്യം ന്യായവിലക്ക് വിൽക്കുകയാണ് ലക്ഷ്യം.
ഫോർമാലിൻ ഉൾപ്പെടെയുള്ള മായം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ഉപകരണങ്ങളും വണ്ടിയിലുണ്ട്. പകൽ രണ്ടുമുതൽ രാത്രി ഒമ്പതുവരെയാണ് സേവനം. എല്ലാ ദിവസവും 'അന്തിപ്പച്ച' മീനുമായെത്തും. മീൻ മുറിച്ച് വൃത്തിയാക്കി വാങ്ങാം. തോണികളിൽ നിന്നും മത്സ്യഫെഡ് അംഗമായ സംഘങ്ങളിൽനിന്നും ഇടനിലക്കാരില്ലാതെ വാങ്ങുന്ന മീനാണ് വിൽക്കുക.
മായമില്ലാത്തതെന്ന് പരിശോധിച്ചുറപ്പാക്കിയാണ് അന്തിപ്പച്ചയിലേക്കുള്ള മീൻ വാങ്ങുന്നത്. ഉപഭോക്താക്കൾക്കും ഈ പരിശോധന സംവിധാനം പ്രയോജനപ്പെടുത്താം. നിലവിൽ ഉച്ച രണ്ടു മുതൽ നാലുവരെ കാരപ്പറമ്പ് പരിസരത്തും നാലു മുതൽ ഒമ്പതുവരെ സിവിൽ സ്റ്റേഷൻ പരിസരങ്ങളിലുമാണ് അന്തിപ്പച്ചയുടെ സേവനം. ദിവസേന 50 കിലോക്കു മുകളിൽ വിപണനം നടക്കുന്നതായി അധികൃതർ അറിയിച്ചു.
നവംബർ 13നാണ് ജില്ലയിൽ 'അന്തിപ്പച്ച' ഫ്ലാഗ് ഓഫ് ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. മത്സ്യഫെഡിന്റെ അന്തിപ്പച്ച വാഹനം ജില്ലയിലെ പ്രധാന നഗരങ്ങളിൽ മത്സ്യവുമായി വിൽപനക്കെത്തും. വിൽപനദിവസവും സമയവും മുൻകൂട്ടി അറിയിക്കുമെന്നും മത്സ്യഫെഡ് ജില്ല മാനേജർ അപർണ രാധാകൃഷ്ണൻ പറഞ്ഞു. വിവരങ്ങൾക്ക്: 0495 2380344, 9526041125 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.