‘എനി ടൈം മണി’ തട്ടിപ്പ്: പ്രതികളെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച്
text_fieldsകോഴിക്കോട്: പാലാഴിയിലെ എനി ടൈം മണി (എ.ടി.എം) തട്ടിപ്പുകേസിൽ കണ്ണൂർ അർബൻ നിധി ലിമിറ്റഡ് (കെ.യു.എൻ.എൽ) തട്ടിപ്പുകേസിൽ റിമാൻഡിലായ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്യാൻ ജില്ല ക്രൈംബ്രാഞ്ച്. എനി ടൈം മണിയുടെ മാതൃസ്ഥാപനമാണ് കണ്ണൂരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കണ്ണൂർ അർബൻ നിധി ലിമിറ്റഡ്.
തട്ടിപ്പിൽ റിമാൻഡിലായ അര്‍ബന്‍ നിധിയുടെ ഡയറക്ടര്‍ തൃശൂർ വരവൂർ സ്വദേശി കുന്നത്തുപീടികയിൽ കെ.എം. ഗഫൂര്‍, എനി ടൈം മണി ഡയറക്ടര്‍ മലപ്പുറം ചങ്ങരംകുളം സ്വദേശി മേലേപ്പാട്ട് ഷൗക്കത്ത് അലി, എനി ടൈം മണി മാനേജിങ് ഡയറക്ടര്‍ വടക്കേക്കാട് നായരങ്ങാട് വെള്ളറവീട്ടിൽ ആന്റണി സണ്ണി എന്നിവരെയാണ് കോഴിക്കോട്ടെ കേസിൽ കണ്ണൂർ ജയിലിൽ പോയി അന്വേഷണസംഘം അറസ്റ്റ് ചെയ്യുക. പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ രണ്ടു കേസുകളിലാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിക്കാൻ കോഴിക്കോട് സി.ജെ.എം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ തിങ്കളാഴ്ച അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പിന്നീട് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനും അപേക്ഷ നൽകും.
കേസിന്റെ അന്വേഷണ ചുമതല ലഭിച്ചതിനുപിന്നാലെ ജില്ല ക്രൈം ബ്രാഞ്ച് അസി. കമീഷണർ ടി.എ. ആന്റണി എറണാകുളം വിജിലൻസിലേക്ക് മാറിയിരുന്നു. പകരം നിയോഗിച്ച വി. സുരേഷ് ചുമതലയേറ്റിട്ടുമില്ല. ഇതോടെ കൺട്രോൾ റൂം അസി. കമീഷണർ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തട്ടിപ്പിൽ പന്തീരാങ്കാവ് പൊലീസ് മാത്രം 18 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊയിലാണ്ടി, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്. 2021 ജൂണിൽ പാലാഴിയിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം അരലക്ഷവും അതിലധികവും ശമ്പളം നൽകി നിയമിച്ച യുവതീയുവാക്കളോട് ഒമ്പതു ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചതും തട്ടിപ്പ് നടത്തിയതും. പാലാഴിയിലെ എനി ടൈം മണിയുടെ ഓഫിസ് പന്തീരാങ്കാവ് പൊലീസ് പൂട്ടി സീൽ ചെയ്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.