അപേക്ഷ ചുവപ്പുനാടയിൽ; ബാങ്കിൽനിന്ന് പണം പിൻവലിക്കാനാവാതെ വീട്ടമ്മ
text_fieldsകാരാട്: ഭർത്താവ് മരിച്ച വീട്ടമ്മക്ക് ബാങ്കിൽനിന്നും പണം പിൻവലിക്കാൻ, അനന്തരാവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ തിരുവനന്തപുരത്തേക്ക് അയക്കാതെ മാസങ്ങളായി തഹസിൽദാരുടെ ചുവപ്പുനാടയിൽ.
തിരുത്തിയാട് ഒടിഞ്ഞിൽകുഴി പരേതനായ വിശ്വനാഥന്റെ ഭാര്യ ടി.പി. കനകവല്ലിയുടെ അപേക്ഷയാണ് മാസങ്ങളായി നടപടി എടുക്കാതെ കൊണ്ടോട്ടി തഹസിൽദാരുടെ ഓഫിസിൽ ‘ഭദ്രമായിരിക്കുന്നത്’. കൂലിപ്പണിക്കാരനായ വിശ്വനാഥന് കോവിഡ് ബാധിച്ചിരുന്നു. ഇത് സുഖം പ്രാപിച്ചു വരുന്നതിനിടയിലാണ് വീട്ടിൽ തലകറങ്ങി വീണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ പരിശോധനയിൽ അർബുദമാണെന്ന് സ്ഥിരീകരിച്ചെങ്കിലും വളരെ പെട്ടെന്ന് രോഗം മൂർച്ഛിച്ച് കഴിഞ്ഞ ആഗസ്റ്റിൽ മരണപ്പെടുകയായിരുന്നു.
ആറര ലക്ഷത്തോളം ചെലവഴിച്ച ചികിത്സക്ക് വേണ്ടി ബാങ്കിൽനിന്നും വ്യക്തികളിൽനിന്നും കടമെടുത്തിരുന്നു. ക്ഷേമനിധി ബോർഡിൽനിന്നും ഭർത്താവിന്റെ ചികിത്സക്കായി അനുവദിച്ച തുക പിൻവലിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനാണ് വാഴയൂർ വില്ലേജ് ഓഫിസ് വഴി കനകവല്ലി അപേക്ഷ നൽകിയത്. കഴിഞ്ഞ ആഗസ്റ്റിൽ തന്നെ നൽകിയ അപേക്ഷയാണ് ദിവസങ്ങൾക്ക് മുമ്പ് കൊണ്ടോട്ടി തഹസിൽദാർ ഓഫിസിൽ പരിശോധിച്ചപ്പോൾ ഫയലിൽതന്നെ കിടക്കുന്നത് കണ്ടെത്തിയത്. അധികൃതരുടെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, പട്ടികജാതി ക്ഷേമ മന്ത്രി, പട്ടികജാതി ക്ഷേമ കമീഷൻ, മലപ്പുറം ജില്ല കലക്ടർ എന്നിവർക്ക് വീട്ടമ്മ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.