കോർപറേഷൻ ബജറ്റിന് അംഗീകാരം
text_fieldsകോഴിക്കോട്: രണ്ട് ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ 2022 -23 വർഷത്തെ പുതുക്കിയ ബജറ്റും 951.86 കോടി രൂപ വരവും 920 കോടി ചെലവുമുള്ള 2023 -24 വർഷത്തെ മതിപ്പ് ബജറ്റും മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു.
തിങ്കളാഴ്ച ഡെപ്യൂട്ടി മേയറും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ സി.പി. മുസഫർ അഹമ്മദ് അവതരിപ്പിച്ച ബജറ്റാണ് അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിന് ശേഷം കൗൺസിൽ യോഗം അംഗീകരിച്ചത്. ബജറ്റ് സർവതല സ്പർശിയാണെന്ന് ഭരണപക്ഷം അവകാശപ്പെട്ടു. എന്നാൽ, സര്‍വതല സ്പര്‍ശിയെന്ന് തോന്നിപ്പിച്ച് എവിടെയും സ്പര്‍ശിക്കാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയും കെ. മൊയ്തീൻ കോയയും വിമര്‍ശിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ വിമർശനവും രാഷ്ട്രീയപോർവിളികളും ചർച്ചയിൽ ജയർന്നു. സര്‍ക്കാറിന് കീഴില്‍ കൂടുതല്‍ മദ്യശാലകള്‍ക്ക് അനുമതി നല്കി അതിന്റെ ലാഭംകൊണ്ട് ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്ന പദ്ധതികളുടെ ഉദ്ദേശ്യമെന്താണെന്ന് ശോഭിത ചോദിച്ചു.
പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുമോയെന്ന് കണ്ടറിയണം. ഞെളിയന്‍പറമ്പിനെ മറ്റൊരു ബ്രഹ്മപുരമാക്കരുത്, സോണ്ടയുടെ കാലാവധി കഴിഞ്ഞിട്ടും പണം നല്‍കാനുള്ള തീരുമാനത്തില്‍നിന്ന് പിറകോട്ടുപോകണം, നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജലസംഭരണികള്‍ നിർമിക്കാന്‍ നടപടി വേണം, മൃഗങ്ങളുടെ ശ്മശാനം യാഥാര്‍ഥ്യമാക്കണം, തീരദേശ മേഖലയില്‍ ശുചിമുറി പദ്ധതി നടപ്പാക്കണം, കോഴിക്കോട് കോർപറേഷന് ഭിന്നശേഷി സൗഹൃദമാക്കാന്‍ നടപടിയെടുക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ചർച്ചയിൽ ഉയർന്നു.
കേന്ദ്രസർക്കാർ പദ്ധതികൾ കോർപറേഷന്റേത് മാത്രമാക്കി മാറ്റുന്നുവെന്നായിരുന്നു നവ്യ ഹരിദാസ്, ടി. റിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ ആരോപണം.
‘കോതി ആവിക്കൽതോട് പദ്ധതികൾ ഈവർഷം തന്നെ നടപ്പാക്കും’
കോതിയിലും ആവിക്കലും മലിനജല സംസ്കരണ പ്ലാന്റുകൾ പണിയുന്നതിനൊപ്പം സരോവരത്ത് 27 എം.എൽ.ഡിയുടെ പുതിയ പ്ലാന്റും ഈ കൊല്ലം നടപ്പാക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് ബജറ്റ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. അമൃത് പദ്ധതിയിൽ പണം ചെലവഴിച്ചത് കുറവാണെന്ന് പറയുന്ന പ്രതിപക്ഷത്തിന് സത്യസന്ധതയില്ല. മറുപടി പ്രസംഗത്തിൽ പലതവണ പ്രതിപക്ഷം ഇടപെട്ടു.
പ്ലാന്റിനെപ്പറ്റി പറഞ്ഞ് യു.ഡി.എഫ്-എൽ.ഡി.എഫ് പക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പ്ലാന്റ് പണിയാതെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തുന്നുവെന്ന നിലപാടാണ് ബി.ജെ.പി ഉയർത്തിയത്. ആവിക്കലും കോതിയിലും മലിനജല സംസ്കരണപ്ലാന്റ് സരോവരത്തുനിന്ന് മാറ്റിയതാണെന്ന് പ്രചരിപ്പിച്ചതായി ഡെപ്യൂട്ടി മേയർ ആരോപിച്ചു. എല്ലാം നിയമപരമായാണ് കോർപറേഷൻ നടപ്പാക്കുന്നത്.
നിയമവിരുദ്ധ പദ്ധതിയാണെന്ന് പ്രചരിപ്പിച്ച് തീരവാസികളെ ഇളക്കിവിടുകയായിരുന്നു. കൗൺസിലിനൊപ്പം നിൽക്കാതെ നഗരവികസനത്തെപ്പറ്റി പറയുകയാണ് യു.ഡി.എഫ്. മെഡിക്കൽ കോളജിൽ രണ്ട് മലിനജന സംസ്കരണ പ്ലാന്റ് ഏതാനും മാസത്തിനകം പ്രവർത്തനം തുടങ്ങും. മാറ്റത്തിന്റെ സൂചന എല്ലായിടത്തുനിന്നും വരണം. കൂട്ടായ പ്രവർത്തനം വഴിയേ വികസനമുണ്ടാവൂവെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.