നഗരസഭ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം; യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി
text_fieldsകോഴിക്കോട്: സർക്കാർ അനുവദിച്ച 16 കോടി ഉൾപ്പെടുത്തിയുള്ള നഗരസഭയുടെ വാർഷിക പദ്ധതിക്ക് കൗൺസിൽ യോഗത്തിന്റെ അംഗീകാരം. മുൻകൂട്ടി അറിയിക്കാതെയും മതിയായ ചർച്ചയില്ലാതെയുമാണ് പദ്ധതി ഭേദഗതിയെന്നാരോപിച്ച് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയതിനു പിന്നാലെ ഭൂരിപക്ഷ പിന്തുണയിൽ ഭേദഗതി അംഗീകരിച്ചതായി യോഗത്തിൽ അധ്യക്ഷതവഹിച്ച മേയർ ഡോ. ബീന ഫിലിപ് പ്രഖ്യാപിച്ചു. കൂട്ടിച്ചേർത്ത പദ്ധതികളിൽ വനിതകൾക്ക് ജിംനേഷ്യത്തിനായി 50ഉം മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് മുലയൂട്ടൽ കേന്ദ്രവും വിശ്രമമുറിയും നിർമിക്കാൻ 18ഉം നഗരത്തിലെ മൂന്ന് സ്കൂളുകൾക്ക് ആധുനിക ശുചിമുറി നിർമാണത്തിന് 90ഉം പത്ത് വാർഡുകളിൽ സൈക്കിൾ ഷെഡിനായി 25ഉം നാൽപതു കേന്ദ്രങ്ങളിൽ വയോജനങ്ങൾക്ക് തണൽ ഇടത്തിനായി 60ഉം അംഗൻവാടി ക്രാഡിൽ നവീകരണത്തിന് 68 ലക്ഷവുമാണ് വകയിരുത്തിയത്. ഭിന്നശേഷി വികസനപദ്ധതികൾക്കായി 12.5ഉം പെൺകരുത്ത് ആയോധനകലക്കും ഡിജിറ്റലൈസേഷനുമായി പത്തുലക്ഷം വീതവും അതിദരിദ്ര സർവേയിൽപെട്ട ഗുണഭോക്താക്കൾക്ക് വീട് അറ്റകുറ്റപ്പണിക്ക് ഒരുകോടിയും വകയിരുത്തി.
ലഭിച്ച തുകയിൽനിന്ന് മൂന്നുകോടി നഗരസഭ ഓഫിസ് നവീകരണത്തിന് വിനിയോഗിക്കും.
വാർഷിക പദ്ധതികൾ പരിഷ്കരിച്ചതിന്റെ പട്ടിക യോഗം തുടങ്ങിയ ശേഷമാണ് കൗൺസിലർമാർക്ക് വിതരണം ചെയ്തത്. ഇതാണ് യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാരെ പ്രകോപിപ്പിച്ചത്. യോഗം തുടങ്ങിയശേഷം പദ്ധതികൾ മാറ്റിയതിന്റെ പട്ടിക നൽകിയാൽ കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കാനാകില്ലെന്നും കൂടുതൽ ചർച്ച വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവരുടെ ഇറങ്ങിപ്പോക്ക്. യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയപ്പോൾ ബി.ജെ.പി അംഗങ്ങൾ വിയോജനക്കുറിപ്പ് മേയർക്ക് കൈമാറിയശേഷമാണ് ഹാൾ വിട്ടത്.
ഡെപ്യൂട്ടിമേയർ സി.പി. മുസാഫർ അഹമ്മദ്, പി.സി. രാജൻ, പി. ദിവാകരൻ, കെ. മൊയ്തീൻകോയ, രമ്യ ഹരിദാസ്, ഡോ. അജിത, ടി. രനീഷ്, എൻ.സി. മോയിൻകുട്ടി, ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭരണപക്ഷത്തും 'കൊമ്പുകോർക്കൽ'
കോഴിക്കോട്: നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തും 'കൊമ്പുകോർക്കൽ'. ഡെപ്യൂട്ടി മേയർ സി.പി. മുസാഫറും എൽ.ജെ.ഡി അംഗം എൻ.സി. മോയിൻകുട്ടിയുമാണ് ഇടഞ്ഞത്. വാർഷിക പദ്ധതി ഭേദഗതിയുടെ പട്ടിക മുൻകൂട്ടി നൽകാത്തതിനെതിരെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പ്രതിഷേധമുയർത്തിയതിനു പിന്നാലെയാണ് മോയിൻകുട്ടിയും ഈ വിഷയം ഉന്നയിച്ചത്. യോഗം തുടങ്ങിയശേഷം പട്ടിക തന്ന് പത്തു മിനിറ്റ് സമയം നൽകുന്ന രീതി ശരിയല്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആക്ഷേപം. എന്നാൽ ഇതെല്ലാം സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ചതാണെന്നടക്കം ഡെപ്യൂട്ടി മേയർ ചൂണ്ടിക്കാട്ടിയേപ്പാൾ പദ്ധതി ഭേദഗതി ചെയ്ത പട്ടിക ഒരു ദിവസം മുമ്പെങ്കിലും അംഗങ്ങൾക്ക് നൽകണമെന്നായി ഇദ്ദേഹം. മാത്രമല്ല വരാനിരിക്കുന്ന കൗൺസിൽ യോഗത്തിന്റെ അജണ്ട മുൻകൂട്ടിയിപ്പോൾ നൽകിയത് കൗൺസിലർമാർക്ക് കാര്യങ്ങൾ പഠിക്കാനല്ലേയെന്നും അദ്ദേഹം ചോദിച്ചു.
നഗരത്തിലെ പ്രധാന തോടായ മഞ്ചക്കൽ തോട് നവീകരണത്തിന് കൂടുതൽ തുക വകയിരുത്തണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടപ്പോൾ നിലവിലനുവദിച്ച 1.15 കോടിയുടെ പദ്ധതി മാർച്ച് 31നകം തീരാനിരിക്കുകയാണെന്ന് ഡെപ്യൂട്ടി മേയറും ഓൺഗോയിങ് വർക്കിന് വീണ്ടും തുക വെക്കേണ്ടതില്ലെന്ന് സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജനും പ്രതികരിച്ചു. ചിലർ അറിവില്ലായ്മകൊണ്ടും മറ്റുചിലർ മാധ്യമപ്രവർത്തകരിരിക്കെ തെറ്റിദ്ധാരണ പരത്താനുമാണ് ശ്രമിക്കുന്നതെന്നും ഇരുവരും കൂട്ടിച്ചേർത്തു.
നഗരസഭ ഓഫിസ് നവീകരണം പണിതീരാത്ത വീടുപോലെയെന്ന് പ്രതിപക്ഷം
കോഴിക്കോട്: നഗരസഭ ഓഫിസിന്റെ നവീകരണം പണിതീരാത്ത വീടുപോലെയായെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ആരോപിച്ചു. സർക്കാർ അനുവദിച്ച ഫണ്ടിൽനിന്ന് മൂന്നു കോടിയോളം ഓഫിസ് നവീകരണത്തിനായി മാറ്റിവെച്ചതിനെ ചോദ്യംചെയ്ത് ആദ്യം രംഗത്തുവന്നത് പ്രതിപക്ഷ നിരയിലെ മുസ്ലിംലീഗ് പ്രതിനിധി കെ. മൊയ്തീൻ കോയയാണ്. ഓഫിസ് നവീകരണത്തിന് നേരത്തേ ഒമ്പതുകോടി അനുവദിച്ചതാണ്. ജനങ്ങൾക്കുപകാരപ്പെടുന്ന വികസനത്തിന് തുക വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് സംസാരിച്ച യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും സമാന വിമർശനം ഉയർത്തുകയും മാലിന്യ സംസ്കരണമടക്കമുള്ള പദ്ധതികൾക്ക് കൂടുതൽ തുക നീക്കിവെക്കണമെന്നും അവർ പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റികൾ ചർച്ച ചെയ്യാത്തതടക്കം പദ്ധതികൾ കൗൺസിൽ യോഗത്തിലെത്തിയെന്ന് തുടർന്നു സംസാരിച്ച ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ രമ്യ ഹരിദാസ് പറഞ്ഞു. ആവശ്യമില്ലാത്ത പദ്ധതികൾക്കാണ് തുക നീക്കിവെച്ചതെന്നും അവർ പറഞ്ഞു. പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയതിനു പിന്നാലെ നൽകിയ വിശദീകരണത്തിൽ പുതിയ പദ്ധതികളെല്ലാം ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികളിൽ ചർച്ചചെയ്തതാണെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. സർക്കാർ അനുവദിച്ച ഫണ്ട് വിവിധ ഘടകങ്ങൾക്ക് ഇത്ര ശതമാനം എന്നനിലക്കാണ് വിനിയോഗിക്കാനാവുക. ആ നിലക്കാണ് തുക വകയിരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.