നഗരത്തിൽ ട്രാൻസ്പോർട്ട് സോണിന് അംഗീകാരം
text_fieldsകോഴിക്കോട്: നഗരപരിധിയിൽ ട്രാൻസ്പോർട്ട് സോണിൽ നിർമാണം അനുവദിക്കാൻ സമഗ്ര നഗരാസൂത്രണ (ഡി.ടി.പി) പദ്ധതിയിൽ അംഗീകാരം. സരോവരത്തിന് എതിർവശം കെ.പി. ചന്ദ്രൻ റോഡ് ഭാഗത്ത് 3.5 ഏക്കർ സ്ഥലത്താണ് ട്രാൻസ്പോർട്ട് സോൺ വിഭാവനം ചെയ്യുന്നത്.
അവിടെ കെട്ടിട നിർമാണ അനുമതി നൽകുമ്പോൾ സ്ഥലവിസ്തൃതിയുടെ 80 ശതമാനം അധിക നിർമാണത്തിന് അനുവദിക്കും. ഇതിന് അധിക നിർമാണ ഫീസ് ഈടാക്കില്ല. പകരം അത്രയും സ്ഥലം പൊതു പാർക്കിങ്ങിന് വിട്ടുനൽകണം. ഈ സ്ഥലത്തുനിന്നുള്ള പാർക്കിങ് ഫീസ് കോർപറേഷൻ പിരിക്കാനും യോഗത്തിൽ തീരുമാനമായി.
സമഗ്ര നഗരാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തര കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. കളിപ്പൊയ്കയുൾപ്പെടെ വർഷങ്ങൾക്കുമുമ്പ് നഗരചിറ എന്ന പേരിലറിയപ്പെട്ട സ്ഥലത്താണ് പുതിയ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. 24ന് നഗരാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള കമ്മിറ്റിയുടെ യോഗം ചേർന്നിരുന്നു.
ഈ യോഗ തീരുമാനപ്രകാരം ആവശ്യമായ മാറ്റങ്ങളോടെ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പദ്ധതിക്കാണ് അംഗീകാരമായത്. പദ്ധതി യാഥാർഥ്യമാവുന്നതോടെ സരോവരം ഭാഗത്തെ പാർക്കിങ് പ്രതിസന്ധിക്കു പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
സരോവരം പാർക്കിന് എതിർവശം കെ.പി. ചന്ദ്രൻ റോഡ് പ്രദേശത്തു റിക്രിയേഷൻ ഏരിയയായി അടയാളപ്പെടുത്തിയ സ്ഥലത്ത് 80 ശതമാനം തണ്ണീർത്തടം അതേപടി നിലനിർത്തും. ബാക്കി സ്ഥലത്തു പാർക്ക്, ജോഗിങ് ട്രാക്ക്, ഓപൺ ജിം, സൈക്കിൾ ട്രാക്ക് തുടങ്ങിയവ നിർമിക്കാൻ മേഖല നിയന്ത്രണ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനും ധാരണയായി.
നഗരപരിധിയിൽ നിർമിക്കുന്ന 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള കെട്ടിടത്തിൽ പൊതു ശുചിമുറി നിർബന്ധമാക്കും. കമേഴ്സ്യൽ സോണിൽ 600 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള താമസാവശ്യത്തിനുള്ള കെട്ടിടങ്ങൾ അനുവദിക്കാൻ മേഖല നിയന്ത്രണ ചട്ടങ്ങളിൽ മാറ്റം വരുത്തും.
ഡെപ്യൂട്ടി ടൗൺ പ്ലാനർ പി. ഗിരീഷ് കുമാർ നഗരാസൂത്രണ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കെ.സി. ശോഭിത, ടി. റനീഷ്, എൻ.സി. മോയിൻകുട്ടി, എസ്.കെ. അബൂബക്കർ, കെ. റംലത്ത്, കെ. മൊയ്തീൻ കോയ, എം.സി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.