ആവേശപ്പെരുമഴയിൽ കോഴിക്കോട്ട് ഗോളടിച്ച് അർജന്‍റീന താരങ്ങൾ
text_fieldsകോഴിക്കോട്: കാൽപന്തുകളിയുടെ പെരുമയിൽ ഫിഫയുടെ പ്രശംസ ലഭിച്ച നൈനാംവളപ്പില്‍ ഗോളടിച്ച് അര്‍ജന്റീനയുടെ താരങ്ങള്‍. അര്‍ജന്റീനോസ് ജൂനിയേഴ്‌സ് വൈസ് പ്രസിഡന്റ് ഹാവിയര്‍ പെഡര്‍സോളിയും ബോര്‍ഡ് മെംബര്‍ കെവിന്‍ ലിബ്‌സ് ഫ്രെയിന്‍റുമാണ് കോഴിക്കോട്ടെ കുട്ടികള്‍ക്കൊപ്പം കളിച്ചത്. പെഡര്‍സോളിയുടെ ടീമിന്‍റെ ഗോള്‍വലകാത്തത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ബ്രഹ്മാനന്ദ് സങ്‌വാക്കർ തന്നെ. അര്‍ജന്റീനയുടെ നീല ജഴ്‌സിയുമിട്ട് രണ്ടു ടീമുകളും കോതി മിനിസ്റ്റേഡിയത്തിലിറങ്ങിയ മത്സരത്തില്‍ ഒരറ്റഗോളിന് പെഡര്‍സോളിയുടെ ടീം ജയിച്ചു. അദ്ദേഹംതന്നെയാണ് ഗോളടിച്ചതും. കനത്ത വേനൽമഴയിൽ 10 മിനിറ്റിലേറെ താരങ്ങൾ കളിച്ചു. ടെലിവിഷനിലും ബിഗ് സ്ക്രീനിലും ആവേശം തീർക്കാറുള്ള അര്‍ജന്റീനക്കാർ കോഴിക്കോട്ട് കളിക്കുന്നത് കണ്ട് എല്ലാം മറന്ന് നൈനാംവളപ്പുകാർ ആർപ്പുവിളിച്ചു.
കോഴിക്കോട് ആസ്ഥാനമായുള്ള ഫുട്‌ബാള്‍ അക്കാദമി മലബാര്‍ ചലഞ്ചേഴ്‌സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായാണ് മറഡോണയടക്കം പ്രമുഖ ഫുട്‌ബാള്‍ താരങ്ങളെ വാര്‍ത്തെടുത്ത ലോകത്തിലെ മുന്‍നിര അക്കാദമിയായ അര്‍ജന്റീനന്‍ ജൂനിയേഴ്‌സ് പ്രതിനിധികള്‍ നഗരത്തിൽ വന്നത്. തങ്ങളുടെ ടീമിനോടുള്ള നൈനാംവളപ്പുകാരുടെ ഇഷ്ടം കേട്ടറിഞ്ഞാണ് ഇരുവരും കോതിയിൽ നേരിട്ടെത്തിയത്. ജഴ്‌സിയണിഞ്ഞെത്തിയ ഹാവിയര്‍ പെഡര്‍സോളിയും കെവിന്‍ ലിബ്‌സ് ഫ്രെയിന്റും കുട്ടികള്‍ക്കൊപ്പം കൈകോർത്തു നിന്നു. വർത്തമാനം പറയാനും ഫുട്ബാൾ ഭ്രാന്തന്മാരുടെ നാട്ടിലെ അനുഭവങ്ങള്‍ പറയാനും അവർ തയാറായി. അഞ്ചു മുതൽ 75 വയസ്സു വരെയുള്ള വിവിധ പ്രായക്കാരുമായി ഫുട്ബാളിനെക്കുറിച്ചും മെസ്സിയെക്കുറിച്ചുമെല്ലാം സംവദിച്ചു.
മറഡോണയെയും മെസ്സിയെയുംപറ്റിയുള്ള രണ്ടു പുസ്തകങ്ങളുടെ ബുക്ക് കവര്‍ പ്രകാശനവും നടത്തി. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ലൂക്ക കയോലിയുടെ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കമാല്‍ വരദൂര്‍ രചിച്ച 'മെസ്സി' എന്ന പുസ്തകവും മറഡോണയെപ്പറ്റി എ.വി. ഫര്‍ദിസ് രചിച്ച മനോ ദി ദീയോസ് (ദൈവത്തിന്റെ കൈ കഥ പറയുന്നു) എന്ന ഗ്രന്ഥവുമാണ് പ്രകാശനം ചെയ്തത്. ലിപി അക്ബർ, എം.എസ്.ആര്‍.എഫ് എം.ഡി സജീവ് ബാബു കുറുപ്പ്, ബി. വിജയൻ, സുബൈര്‍ നൈനാംവളപ്പ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.