കലയുടെ പെരുമ്പറ; ആവേശത്തോടെ ജില്ല കലോത്സവം
text_fieldsആസ്വാദനം @ പേരാമ്പ്ര സ്റ്റൈൽ
ജില്ല കലോത്സവം രണ്ടുനാൾ പിന്നിട്ടപ്പോൾ കലാകൗമാരത്തെ നെഞ്ചേറ്റാനെത്തുന്നത് ഏറെയും കൗമാരക്കാർ. എല്ലാ വേദികളിലും തിങ്ങിനിറയുന്ന കാണികൾ പേരാമ്പ്രയുടെ കലാസ്വാദന മനസ്സിന്റെ ദൃഷ്ടാന്തമായി. ദാറുന്നുജും കോളജ് ഗ്രൗണ്ടിൽ നടക്കുന്ന നാടകം കാണാൻ രണ്ട് ദിവസമായി രാപകൽ ഭേദമില്ലാതെ അണമുറിയാത്ത ജനക്കൂട്ടമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാടകാസ്വാദകർ പേരാമ്പ്രയിൽ എത്തിയിട്ടുണ്ട്. സംഘനൃത്തം നടക്കുന്ന പേരാമ്പ്ര ഹയർ സെക്കൻഡറിയിലെ പ്രധാന വേദിയിലും കാണികളുടെ വമ്പൻ കൂട്ടമാണ്. തിരുവാതിര, മാർഗംകളി ഉൾപ്പെടെ അരങ്ങേറിയ രണ്ടാം വേദിയിലും ജനത്തിരക്കിന് കുറവില്ല.
ഭരതനാട്യം, വഞ്ചിപ്പാട് എന്നിവ അരങ്ങേറിയ പേരാമ്പ്ര ടൗൺഹാളും പ്രേക്ഷകർ കൈയടക്കി. ദഫ് മുട്ട്, അറബനമുട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയവക്കും കലാസ്വാദകരുടെ തിരക്കായിരുന്നു. പല വേദികൾക്ക് മുന്നിലും സംഘാടകർ നിരത്തിയ കസേരകൾ അപര്യാപ്തമായിരുന്നു.
പൂച്ചകളുടെയും എലികളുടെയും കഥപറഞ്ഞ ഓസ്കർ പുരുഷു കൊല്ലത്തേക്ക്
പേരാമ്പ്ര: പൂച്ചക്ക് മണികെട്ടിയാൽ എലികളുടെ പോരാട്ടം അവസാനിക്കുമോ ? ഇല്ലെന്ന് വ്യക്തമാക്കി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ‘ഓസ്കർ പുരുഷു’ എന്ന നാടകം ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ശിവദാസ് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിച്ചു.
സനിലേഷ് ശിവൻ സഹ സംവിധാനവും. വീരാൻ കുട്ടിയുടെ മണികെട്ടിയതിനുശേഷമുള്ള പൂച്ചയുടെയും എലികളുടേയും ജീവിതം എന്ന കവിതയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയതാണ് നാടകം. കീർത്തന എസ്. ലാൽ, ടി.വി. ആയിഷ ഹെബാൻ, ലക്ഷ്മി പ്രിയ, ശ്രീപാർവതി, ലിയാന ബീവി, ശിവാനി ശിവപ്രകാശ്, ദൃശസായി, വി. വിശാൽ, അർജുൻ ബാബു എന്നിവരാണ് ടീം. നാടകത്തിൽ രാഗേന്ദു പൂച്ചയായി വേഷമിട്ട കീർത്തന എസ്. ലാൽ മികച്ച നടിയായി. നിധീഷ് പൂക്കാട്, ഹാറൂൺ അൽ ഉസ്മാൻ എന്നിവരാണ് നാടകത്തിന്റെ ആർട്ട്.
ലളിത മനോഹര ഗാനവുമായി സാരംഗ് സംസ്ഥാനതലത്തിലേക്ക്
രാമ്പ്ര: ശ്യാമ സന്ധ്യാ വനിയിൽ... ലളിത മനോഹര ഗാനവുമായി സാരംഗ് സംസ്ഥാനതലത്തിലേക്ക്. ആൺകുട്ടികളുടെ ലളിതഗാന മത്സരത്തിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ സയൻസ് വിദ്യാർഥിയായ സാരംഗ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. പത്താം ക്ലാസിൽ കഥകളി സംഗീതത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ആനന്ദ് കാവുംവട്ടമാണ് ഗുരു. ഈ വർഷം അഞ്ച് ഇനങ്ങളിൽ സാരംഗ് മത്സര രംഗത്തുണ്ട്. ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, സംഘഗാനം, ദേശഭക്തി ഗാനം എന്നിവയിലാണ് സാരംഗ് മത്സരിക്കുന്നത്.
സാക്കി ദ സ്റ്റാർ...
പിതാവിന്റെ വഴിയെ അഭിനയരംഗത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുകയാണ് കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ സിയാദ് സാക്കി. ഹയർ സെക്കൻഡറി വിഭാഗം മോണോആക്ട് മത്സരത്തിലാണ് സാക്കി സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. സാക്കിയുടെ പിതാവ് നടക്കാവ് സ്വദേശി മുഹമ്മദ് നിസാർ സിനിമാ നടനാണ്.
സ്ഫടികം, ആറാം തമ്പുരാൻ, ഞാൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത നിസാർ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ഇതുവരെ അഭിനയ രംഗത്തൊന്നും ഇല്ലാതിരുന്ന സാക്കിയെ സ്കൂളിലെ മലയാളം അധ്യാപകൻ ഷാജിയാണ് ഏകാഭിനയത്തിലേക്ക് കൈപിടിച്ചുയർത്തിയത്. പ്ലസ് ടു സയൻസ് വിദ്യാർഥിയായ ഈ മിടുക്കൻ, ബസപകടത്തിൽ മരിച്ച ദമ്പതികളുടെ മകൻ അനുഭവിച്ച വേദനകളാണ് അവതരിപ്പിച്ചത്.
ദഫ്മുട്ട് മത്സരത്തിലെ വിധികര്ത്താക്കള്ക്കെതിരെ പരാതി; വേദിക്കരികെ ബഹളം
പേരാമ്പ്ര: ഹൈസ്കൂൾ വിഭാഗം ദഫ്മുട്ട് മത്സരത്തിലെ ഫലപ്രഖ്യാപനത്തിൽ അഴിമതി ആരോപിച്ച് മറ്റു മത്സരാർഥികളും പരിശീലകരും രംഗത്തെത്തി. ഒന്നാം സ്ഥാനം നൽകിയതിൽ വിധികര്ത്താക്കള്ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് മറ്റു ടീമുകൾ സ്റ്റേജിനടുത്ത് ബഹളംവെച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച പലരെയും തോല്പിച്ചെന്നാണ് പരാതി. ഒന്നാം സ്ഥാനം കൊടുത്തതിൽ അഴിമതി നടന്നിട്ടുണ്ടെന്നും സ്ഥിരമായി ഒരു പരിശീലകന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ സ്കൂളിനാണ് ഒന്നാം സ്ഥാനം കൊടുക്കുന്നതെന്നുമാണ് ആരോപണം.
മൂന്ന് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ഫിദൽ മികച്ച നടൻ
പേരാമ്പ്ര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരൻ ഫിദർ ഗൗതം ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലെ മികച്ച നടൻ. ചേരിയിലെ കുട്ടികളുടെ കഥ പറയുന്ന ഷിറ്റ് എന്ന നാടകത്തിലെ മൂന്ന് കഥാപാത്രങ്ങൾക്കാണ് ഗൗതം ജീവൻ നൽകിയത്. ചേരിയിലെ കുട്ടി, വൃദ്ധൻ, സിനിമ സംവിധായകൻ തുടങ്ങിയ കഥാപാത്രങ്ങളെയാണ് ഗൗതം അരങ്ങിലെത്തിച്ചത്.
ജിനോ ജോസഫ് സംവിധാനം ചെയ്ത നാടകത്തിന് ഒരു പോയന്റിന്റെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. സംസ്ഥാന കലോത്സവത്തിനായി അപ്പീൽ നൽകിയിട്ടുണ്ട്. വടകര കുട്ടോത്ത് തിരുവോത്ത് തറേമ്മൽ പി. പ്രവീണിന്റെയും മായയുടെയും മകനാണ് ഫിദൽ ഗൗതം. ജില്ലതല ശാസ്ത്ര നാടകത്തിലും മികച്ച നടൻ ഗൗതമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.