നമ്പൂതിരി; ഒരു കോഴിക്കോടൻ രേഖാചിത്രം
text_fieldsകോഴിക്കോട്: അനുവാചകരുടെ മനസ്സിൽ മായാത്ത ചിത്രങ്ങൾ തീർത്ത് ആർടിസ്റ്റ് നമ്പൂതിരി മടങ്ങുമ്പോൾ കോഴിക്കോടും തേങ്ങുകയാണ്. നമ്പൂതിരിയുടെ കർമമണ്ഡലമായിരുന്നു കോഴിക്കോട്. മദിരാശിയിലെ ചിത്രകലാ പഠനത്തിനു ശേഷം 1960ലാണ് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രേഖാചിത്രകാരനായി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് മാസ്റ്റർ പീസുകളായി വാഴ്ത്തപ്പെട്ട ചിത്രങ്ങളും സീരീസുകളും അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് പിറവിയെടുത്തത് ഇക്കാലത്താണ്. ഒരു രചനയെ എങ്ങനെയാണ് ചിത്രങ്ങളിലൂടെ വ്യാഖ്യാനിക്കേണ്ടത് എന്നതിന്റെ ഉദാത്ത മാതൃകയായിരുന്നു നമ്പൂതിരി ചിത്രങ്ങൾ. ആർടിസ്റ്റ് നമ്പൂതിരിയെ ലോകോത്തര ചിത്രകാരനാക്കിയത് കോഴിക്കോട് നഗരത്തിലെ ജീവിതകാലമാണ്.
സഹപ്രവർത്തകൻകൂടിയായ എം.ടിയുടെ രണ്ടാമൂഴത്തിനും വാരാണസിക്കും വരച്ചത് നമ്പൂതിരിയായിരുന്നു. എം.ടിക്ക് പുറമെ വിപുലമായ സൗഹൃദ സദസ്സാണ് നമ്പൂതിരിക്ക് കോഴിക്കോട്ട് ഉണ്ടായിരുന്നത്. തകഴി, പൊൻകുന്നം വർക്കി, ഒ.വി വിജയൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, മുകുന്ദൻ, കുഞ്ഞിരാമൻ നായർ, ഇടശ്ശേരി, വി.കെ.എൻ എന്നുവേണ്ട, മലയാളത്തിലെ അക്കാലത്തെ മഹാരഥന്മാരായ എല്ലാ സാഹിത്യകാരന്മാരുടേയും രചനകളുടെ അവിഭാജ്യ ഘടകമായി നമ്പൂതിരി ചിത്രങ്ങൾ.
ഇതിനുമപ്പുറം കോഴിക്കോടന്‍ സൗഹൃദകൂട്ടായ്മയെ അദ്ദേഹം നെഞ്ചോട് ചേര്‍ത്തുവെച്ചു. പ്രശസ്തരായ എഴുത്തുകാരടങ്ങുന്ന സദസ്സ് കോഴിക്കോട് ബീച്ചിൽ ആകാശവാണിക്കടുത്ത് ഒത്തുചേരും. എം.ടിയും പി.സി കുട്ടികൃഷ്ണനും ജി. അരവിന്ദനും തിക്കോടിയനുമടക്കമുള്ള പ്രമുഖര്‍ അണിനിരന്ന സൗഹൃദ കൂട്ടായ്മകൾ കടൽത്തിരകൾക്കൊപ്പം സൗഹൃദചിറകിലേറി ഉല്ലസിച്ചതും കോഴിക്കോടിന്റെ തീരത്തായിരുന്നു. തിക്കോടിയന് മരിക്കുന്നതുവരെ ആ സൗഹൃദസദസ്സുകള്‍ നടന്നു. ഇപ്പോഴും പൊന്നാനി-എടപ്പാൾ വഴി എങ്ങോട്ടുപോകുകയാണെങ്കിലും നമ്പൂതിരിയുടെ വീട് സന്ദർശിക്കുമായിരുന്നുവെന്ന് ഓർക്കുന്നു എം.ടി. ബഷീറുമായും അടുത്ത ബന്ധമാണ് നമ്പൂതിരി സൂക്ഷിച്ചിരുന്നത്. വൈലാലിലെ മാങ്കോസ്റ്റിൻ മരത്തണലിൽ പങ്കിട്ട സൗഹൃദസദസ്സുകളിലെ ഓർമകളിൽ നമ്പൂതിരിയുടെ ചിത്രവും ജ്വലിച്ചുനിൽക്കുന്നു.
ഇടക്ക് ഹിന്ദുസ്ഥാനി സംഗീതത്തില്‍ കമ്പം കയറി പ്രമുഖ സംഗീതജ്ഞൻ ശരത്ചന്ദ്ര മറാഠെയുടെ ശിഷ്യനായി സംഗീതം അഭ്യസിച്ചിരുന്നു നമ്പൂതിരി. മൂന്നാം ഗേറ്റിനടുത്ത് താമസിക്കുകയായിരുന്ന ശരത്ചന്ദ്ര മറാഠെയുടെ വീട്ടില്‍ പോയായിരുന്നു പഠനം. പിന്നീട് ഈ പഠനം മുറിഞ്ഞുപോയി. കഥകളി, ചെണ്ട, ശാസ്ത്രീയ സംഗീതം, കൃഷ്ണനാട്ടം എന്നിങ്ങനെ ഏറെ വിശാലമായിരുന്നു നമ്പൂതിരിയുടെ താല്പര്യങ്ങൾ. നാലാം ഗേറ്റിനടുത്ത് തേര്‍വീട് ഇടവഴിക്കടുത്തായിരുന്നു ഏറെക്കാലം നമ്പൂതിരി വാടകക്ക് താമസിച്ചിരുന്നത്. കെ. രാഘവന്, വി.കെ.എന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ സ്ഥിരമായി എത്തിയിരുന്നു ഈ വീട്ടില്‍. ഈ വീടിനും പരിസരങ്ങൾക്കും കോഴിക്കോട് നഗരത്തിനും നമ്പൂതിരിയെ അപൂർവ ചിത്രകാരനാക്കിയതില് വലിയ പങ്കാണുള്ളത്.
മാതൃഭൂമിയിൽ ജോലിചെയ്തിരുന്ന കാലത്ത് അദ്ദേഹം വാങ്ങിയ ബിലാത്തിക്കുളത്തിനടുത്തുള്ള വീടിന് നൽകിയ പേരും കരുവാട്ട് മന എന്നുതന്നെയായിരുന്നു. മൂത്ത മകനായ അഡ്വ. കെ.എൻ. പരമേശ്വരനും ഭാര്യ ഉമയുമാണ് ഇപ്പോൾ അവിടെ താമസിക്കുന്നത്. റിട്ടയർ ആയിട്ടും കുറേക്കാലം കോഴിക്കോടുതന്നെയായിരുന്നു താമസം. വർഷങ്ങൾക്ക് മുമ്പാണ് എടപ്പാളിലേക്ക് താമസം മാറ്റിയത്. ഒരു ജാടയുമില്ലാത്ത ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നതെന്ന് ആർടിസ്റ്റ് നമ്പൂതിരിയുമായും വീടുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മകന്റെ സഹപ്രവർത്തകനായ അഭിഭാഷകൻ പറഞ്ഞു. തന്റെ ആരാധാനപാത്രമായിരുന്ന അദ്ദേഹം പലപ്പോഴും ചിത്രങ്ങളൊക്കെ സമ്മാനമായി തരാറുണ്ട്. തന്റെ വിവാഹത്തിന് പിത്തളയിൽ നമ്പൂതിരിതന്നെ സൃഷ്ടിച്ച ഒരു ശ്രീകൃഷ്ണ ചിത്രമായിരുന്നു സമ്മാനമായി തന്നതെന്നും അതെല്ലാം അമൂല്യ ഉപഹാരമായി സൂക്ഷിക്കുന്നുവെന്നും അഡ്വ. മനോഹർലാൽ ഓർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.