അരുൺ ആറുവർഷത്തോളം ഖത്തർ ജയിലിൽ; മോചനത്തിനായി കുടുംബം
text_fieldsകോഴിക്കോട്: ആറുവർഷത്തോളമായി ഖത്തറിലെ ജയിലിൽ കഴിയുന്ന മകൻ അരുണിന്റെ മോചനത്തിനായി പാവങ്ങാട് സ്വദേശികളായ കണിയംതാഴത്ത് സതീശനും രതിയും മുട്ടാത്ത വാതിലുകളില്ല. വായ്പയെടുത്ത് നിർമിച്ച വീടിന്റെ കടം വീട്ടാൻ ഗൾഫിലേക്ക് പോയ മകൻ ജയിലിലായെന്ന് മാത്രമല്ല വീടാണെങ്കിൽ ജപ്തിയുടെ വക്കിലുമാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരൻ അടക്കമുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടും ആരും ഈ കുടുംബത്തെ വേണ്ടത്ര പരിഗണിച്ചിട്ടില്ല.
2018 ഒക്ടോബർ 15നാണ് അരുൺ ഹോട്ടൽ മാനേജ്മെന്റ് ജോലിക്കായി ഖത്തറിലേക്ക് പോയത്. കുറ്റ്യാടി സ്വദേശികളാണ് തങ്ങളുടെ ഹോട്ടലിലേക്ക് എന്ന പേരിൽ അരുണിനെ ഖത്തറിലെത്തിച്ചത്. അവിടെയെത്തിയതോടെ ഹോട്ടൽ പഞ്ചനക്ഷത്ര പദവിയിലേക്കുയർത്താൻ കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നും അരുൺ ജാമ്യം നിൽക്കണമെന്നും ആവശ്യപ്പെട്ടത്രെ. ആദ്യം വിസമ്മതിച്ചെങ്കിലും, നിർബന്ധത്തിന് വഴങ്ങിയും ജോലി ലഭിക്കുമെന്ന വിശ്വാസത്തിലും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കൂട്ടുനിൽക്കുകയും ചെക്ക് ബുക്കിൽ ഒപ്പിട്ട് നൽകുകയും ചെയ്തു. ഈ ചെക്കുകൾ ഉപയോഗിച്ച് ഹോട്ടലുകാർ മകന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങുകയായിരുന്നുവെന്ന് സതീശനും രതിയും പറഞ്ഞു.
വിവാഹ നിശ്ചയം കഴിഞ്ഞായിരുന്നു അരുൺ ഖത്തറിൽ പോയത്. ഇതിനിടെ വിവാഹത്തിനായി ജനുവരി 26 അരുൺ നാട്ടിലെത്തി. വിവാഹം കഴിഞ്ഞ് മൂന്നാംനാൾ തിരിച്ചുപോവുകയും ചെയ്തു. അപ്പോഴേക്കും ചെക്കുകൾ പണമില്ലാത്തതിനാൽ മടങ്ങുകയും വിവിധ സ്ഥാപനങ്ങൾ അരുണിനെതിരെ കേസ് ഫയൽ ചെയ്യുകയുമുണ്ടായി. പിന്നാലെ അറസ്റ്റിലാവുകയും ജയിലിലടക്കുകയും ചെയ്തു. ഇപ്പോൾ ആഴ്ചയിലൊരിക്കൽ വീട്ടിലേക്ക് വിളിക്കാനാവുമെന്നത് മാത്രമാണ് ആശ്വാസം. ജയിലിലുള്ള അരുണിന് രോഗം വന്നതിനെ തുടർന്നുള്ള ശസ്ത്രക്രിയയടക്കം മുടങ്ങിയിരിക്കയാണ്. വർഷങ്ങൾ കഴിഞ്ഞതോടെ ചില കേസുകളെല്ലാം താനേ തീർന്നു. ഒരുകോടിയോളം രൂപയടച്ചാൽ ബാക്കി കേസുകളും ഒഴിവാകുമെന്നാണ് ഇതിനകം കുടുംബത്തിന് ലഭിച്ച വിവരം. ഉന്നത വിദ്യഭ്യാസമുള്ള അരുണിന്റെ ഭാര്യ അനുസ്മൃതി സ്വകാര്യസ്ഥാപനത്തിൽ ജോലിക്ക് പോകുന്നുണ്ട്. മത്സ്യത്തൊഴിലാളിയായിരുന്ന പിതാവ് സതീശൻ വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ജോലിക്ക് പോകാനാകാത്ത അവസ്ഥയിലാണ്. സഹോദരങ്ങളിൽ അമലിന് ശാരീരിക വൈകല്യമുണ്ട്. അതുൽ വിദ്യാർഥിയുമാണ്.
പുതിയങ്ങാടി സർവിസ് സഹകരണ ബാങ്കിൽനിന്ന് എട്ടുലക്ഷം രൂപയെടുത്തായിരുന്നു കുടുംബം വീട് നിർമിച്ചത്. ആദ്യഘട്ടത്തിൽ കൃത്യമായി തിരിച്ചടച്ചെങ്കിലും പിന്നീട് സാമ്പത്തിക പ്രയാസങ്ങൾ കാരണം അടവ് മുടങ്ങിയതോടെ വായ്പ വലിയ കുടിശ്ശികയായി. ഇതിനിടെ സമീപത്തെ പള്ളി കമ്മിറ്റിയും റെസിഡന്റ്സ് അസോസിയേഷനും ചേർന്ന് കുറച്ച് തുക അടച്ചെങ്കിലും കടം ഇപ്പോൾ 11 ലക്ഷത്തോളം രൂപയായി. തുടർന്ന് ബാങ്ക് ജപ്തി നോട്ടീസും അയച്ചു. മകനെ വഞ്ചിച്ച് ജയിലാക്കിയവർക്കെതിരെ കുടുംബം എലത്തൂർ, കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവുകൾ നൽകാനാവാത്തതിനാൽ ഇതുവരെ കേസെടുത്തിട്ടില്ല. പ്രവാസ ലോകത്തെ സന്നദ്ധ സംഘടനകൾ ഇടപെട്ടാൽ ചെക്കുകേസുകൾ ഒത്തുരീർപ്പാക്കി തങ്ങളുടെ മകന്റെ ജീവിതം ജയിലിൽനിന്ന് തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.