കോഴിക്കോടിന്റെ പേറ്റുനോവുകൾ ഏറ്റുവാങ്ങിയ അശോക ആശുപത്രി ഓർമയാകുന്നു
text_fieldsകോഴിക്കോട്: കാലത്തിന്റെ പേറ്റുനോവുകൾ ഏറ്റുവാങ്ങിയ കോഴിക്കോട്ടെ അശോക ആശുപത്രി ഓർമയാവാൻ പോവുന്നു. 2022 ഡിസംബർ 31 ഓടെ ആശുപത്രിയുടെ പ്രവർത്തനം നിലയ്ക്കും. വെള്ളിമാട് കുന്ന് -മാനാഞ്ചിറ റോഡ് വികസനത്തിന്റെ ഭാഗാമായാണ് ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നത് എന്ന് അധികൃതർ വിശദീകരിക്കുന്നു.
ഇതോടെ ചരിത്രമാവാൻ പോവുന്നത് കോഴിക്കോട് നഗരത്തിലെ പ്രൗഢിയേറെയുള്ള പൈതൃകമുദ്ര. നൂറ്റാണ്ടിന്റെ പടിവാതിൽക്കലായിരുന്നു ഈ ആതുരാലയം, യൂറോപ്യൻ റാണിയെപോലെ തലയുയർത്തി നിന്ന കെട്ടിടം, ഒരുപാട് പിറവികൾക്ക് സാക്ഷ്യം വഹിച്ച ആശുപത്രി.
1930 ലാണ് ബാങ്ക് റോഡിൽ ആശുപത്രി ഉയർന്നത്. കോഴിക്കോട്ടെ ആദ്യകാല ഡോക്ടർമാരിൽ ഒരാളായ ഡോ. വി.ഐ രാമനാണ് ഇത് നിർമിച്ചത്. മകന്റെ പേരാണ് ആശുപത്രിക്ക് ഇട്ടത്. ഡോ. രാമൻ പഠിച്ചത് വിയന്നയിലായിരുന്നു. അവിടുത്തെ കെട്ടിടമാതൃകയിൽ ഈ നഗരത്തിൽ ആശുപത്രി പടുത്തുയർത്തുകയായിരുന്നു. യൂറോപ്യൻ മാതൃകയുടെ ഏറ്റവും മനോഹരമായ രൂപകൽപനയാണ് ഈ കെട്ടിടത്തെ കാലാതീതമാക്കിയത്.
നഗരത്തിരക്കിനിടയിലും ഈ ആശുപത്രിക്കകത്തെ കാറ്റും വെളിച്ചവും നിറഞ്ഞ അന്തരീക്ഷം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മികച്ച അനുഭവമായിരുന്നു. നഗരത്തിൽ അംബരചുംബികളായ ആശുപത്രികൾ ഉയർന്നു തുടങ്ങിയത് എൺപത്കൾക്ക് ശേഷമാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ അശോക ആശുപത്രി സ്ഥാപിക്കപ്പെട്ടു. എല്ലാ വിഭാഗം ചികിത്സകളും തുടക്കത്തിലുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയായി മാറി. ദന്താശുപത്രിയും ഇവിടെ പിന്നീട് വന്നു.
യൂറോപ്യൻ മാതൃകയാണ് ഇതിനെ നഗരത്തിന്റെ ഓർമകളിൽ അടയാളപ്പെടുത്തുന്നത്. അനുബന്ധമായി കെട്ടിടങ്ങൾ നിർമിച്ചെങ്കിലും മുഖമുദ്രയായി പഴയ കെട്ടിടം അതേപടി നിലനിർത്തി. നാലാം തലമുറയിലെ ഡോ.അശ്വിൻ ബാലകൃഷ്ണനാണ് ഇപ്പോൾ ആശുപത്രി നടത്തുന്നത്. ഡോക്ടർമാരുൾപടെ 40 ഓളം പേരുണ്ട് ഇവിടെ. പ്രസവത്തിന് മാത്രമാണ് അഡ്മിറ്റ്. മറ്റുള്ളത് ഒ.പി വിഭാഗവും ഡന്റൽ വിഭാഗവും മാത്രമാണ്. ഡിസംബർ 31 ന് ആശുപത്രി പ്രവർത്തനം നിർത്തുകയാണ് എന്ന് കാണിച്ച് മാനേജ്മെന്റ് നോട്ടിസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.