അശോകൻ വധം: ഫോറൻസിക് സംഘം പരിശോധന നടത്തി
text_fieldsബാലുശ്ശേരി: മാനസികാസ്വാസ്ഥ്യമുള്ള മകൻ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ പനായി ചാണോറ അശോകന്റെ (71)വീട്ടിൽ സയന്റിഫിക്ക് ഓഫിസർ അജിനയുടെ നേതൃത്വത്തിലുള്ള ഫോറൻസിക് വിദഗ്ധ സംഘം പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് കോഴിക്കോട് എസ്.പി ഓഫിസിനു കീഴിലുള്ള ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധനക്കെത്തിയത്. മൃതദേഹം കിടന്ന മുറിയിലും പരിസരത്തും പരിശോധന നടത്തി. ബാലുശ്ശേരി സി.ഐ ടി.പി. ദിനേശിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.
അശോകനെ കൊലപ്പെടുത്താനുപയോഗിച്ച ഒരു മീറ്ററോളം നീളമുള്ള ഇരുമ്പുകമ്പിയും മകൻ സുധീഷിന്റെ രക്തക്കറ പുരണ്ട ഷർട്ടും കണ്ടെടുത്തിട്ടുണ്ട്. ഫ്രിഡ്ജിനു പിന്നിൽ ഒളിപ്പിച്ചനിലയിലായിരുന്നു രക്തക്കറ പുരണ്ട ഇരുമ്പുകമ്പി. ഇതുകൊണ്ട് തലക്കേറ്റ മാരകമുറിവാണ് മരണകാരണമായത്.
തലക്കും കണ്ണിനു സമീപവുമായി ഏഴോളം മുറിവുകൾ വേറെയുമുണ്ട്. കാൽമുട്ട് ഭാഗത്തും അടിയേറ്റ പരിക്കുണ്ട്. പൊട്ടിയ കസേരയുടെ അവശിഷ്ടങ്ങളും, കീറി ഉന്നം പുറത്തായ നിലയിൽ തലയണകളും തറയിൽ കിടപ്പുണ്ട്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് അശോകന്റെ മൃതദേഹം വീട്ടിനകത്ത് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. കൊലപാതകം നടത്തിയ ശേഷം പുറത്തേക്കുപോയ മകൻ സുധീഷിനെ തിങ്കളാഴ്ച രാത്രിയോടെതന്നെ പരിസരപ്രദേശത്തുനിന്ന് നാട്ടുകാർ പിടിച്ച് പൊലീസിലേൽപിച്ചിരുന്നു.
അറസ്റ്റ് ചെയ്ത പ്രതി സുധീഷിനെ പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ പനായിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.