അശ്വന്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsകൂട്ടാലിട: കണ്ണൂർ പോളിടെക്നിക് ഹോസ്റ്റലിൽ മരിച്ച വിദ്യാർഥി നരയംകുളത്തെ തച്ചറോത്ത് അശ്വന്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ബുധനാഴ്ച രാവിലെയാണ് അശ്വന്തിനെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായ അശ്വന്ത് നാട്ടുകാർക്കും അധ്യാപകർക്കുമെല്ലാം പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ടുതന്നെ മരണത്തിൽ ദുരൂഹത തുടരുകയാണ്. സ്വന്തം മുറിയിലായിരുന്നില്ല അശ്വന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഒന്നാം വർഷ വിദ്യാർഥികൾക്ക് ഒരുക്കിയ മുറിയിലാണ് അശ്വന്തിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ സഹപാഠികൾ അടച്ചിട്ട മുറിയിൽ നിന്നു മൊബൈൽ ഫോൺ റിങ് ചെയ്തപ്പോൾ വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോൾ അശ്വന്ത് ഫാനിൽ തൂങ്ങിക്കിടക്കുകയായിരുന്നു എന്നാണ് പോളിടെക്നിക് അധികൃതർ പറഞ്ഞത്. കെട്ട് അറുത്ത് ഇവർ മൃതദേഹം മുറിയിൽ കിടത്തിയിരുന്നു. അശ്വന്ത് മരിച്ച ദിവസം രാത്രി ഹോസ്റ്റലിൽ ഒരു വിദ്യാർഥിക്ക് തലക്ക് പരിക്കേറ്റിരുന്നു.
അശ്വന്ത് ഒരിക്കലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് ബന്ധുക്കൾ തറപ്പിച്ചുപറയുകയാണ്. മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് തച്ചറോത്ത് ശശി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരിയാരം മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ കണ്ണൂർ പോളിടെക്നിക്കിൽ പൊതുദർശനത്തിനു വെച്ചു. വിദ്യാർഥികളും അധ്യാപകരും നിറകണ്ണുകളോടെയാണ് അശ്വന്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. വൈകീട്ട് നാലു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അശ്വന്തിനെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.