വ്യാജ സ്വർണക്കട്ടി നൽകി പണം തട്ടി; അസം സ്വദേശികൾ പിടിയിൽ
text_fieldsകോഴിക്കോട്: കൊണ്ടോട്ടി സ്വദേശിയായ യുവാവിന് സ്വർണക്കട്ടി നൽകാമെന്നു പറഞ്ഞ് ആറുലക്ഷം രൂപ തട്ടിയ അസം സ്വദേശികളായ രണ്ടുപേരെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തു. ഇജാജുൽ ഇസ്ലാം (24), റെസ്സ് ഉദ്ദീൻ എന്ന റിയാജ് ഉദ്ദീൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനുമായി പരിചയത്തിലായ പ്രതി കഴിഞ്ഞ ജനുവരിയിൽ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലക്ക് സ്വർണക്കട്ടി രഹസ്യമായി നൽകാമെന്നു പറയുകയായിരുന്നു.
540 ഗ്രാം തൂക്കമുണ്ടെന്നും 12 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുവെച്ച് സ്വർണക്കട്ടിയുടെ ചെറിയ ഭാഗം പരാതിക്കാരന് മുറിച്ചുനൽകി. പരിശോധനയിൽ ശുദ്ധമായ സ്വർണമാണെന്ന് മനസ്സിലാക്കി പരാതിക്കാരൻ ആറു ലക്ഷം രൂപ മുൻകൂറായി നൽകി സ്വർണക്കട്ടി കൈപ്പറ്റുകയായിരുന്നു. ഉടൻ തന്നെ പ്രതി കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പ്രതികളെ ബസ് സ്റ്റാൻഡിൽ ഇറക്കി പെട്ടെന്ന് തിരികെ വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.
മൊബൈൽ ഫോൺ ഓഫാക്കി നടന്ന പ്രതി മാസങ്ങൾക്കുശേഷം ഫോൺ ഓണാക്കുകയായിരുന്നു. നിരവധി തവണ പ്രതിയുടെ മൊബൈൽ ലൊക്കേഷൻ നോക്കിയപ്പോൾ ഒഡിഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാണിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം വീണ്ടും സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ലൊക്കേഷൻ എടുത്തപ്പോൾ തൃശൂരിൽ സ്വരാജ് റൗണ്ടിൽ ലൊക്കേഷൻ കാണിച്ചു.
ഉടൻതന്നെ നടക്കാവ് പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നിർദേശപ്രകാരം എസ്.ഐ. രമേശ്, സീനിയർ സി.പി.ഒ ബൈജു എന്നിവർ പ്രതികളെ തൃശൂരിൽ സ്വരാജ് റൗണ്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് പരിശോധന നടത്തിയപ്പോൾ ബാഗിൽ നിന്നും സമാനമായ വ്യാജ സ്വർണക്കട്ട കണ്ടെത്തി. പ്രതികൾ മറ്റാരെയോ പറ്റിച്ച് പണം തട്ടാനുള്ള ശ്രമത്തിൽ തൃശൂരിൽ നിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.