ഡോക്ടർക്കെതിരെ കൈയേറ്റം; പ്രതികൾ അറസ്റ്റിൽ
text_fieldsനാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റംചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. പെരിങ്ങത്തൂർ കരിയാട് സ്വദേശികളായ നവരംഗം വീട്ടിൽ ശരത് (33), കൂടെ വന്ന കരിയാട് സ്വദേശി സനൂപ് (32) എന്നിവരെയാണ് നാദാപുരം സി.ഐ. ഫായിസ് അലിയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി പതിന്നൊര മണിയോടെയാണ് സംഭവം.
കേൾവി സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയ ഇരുവരും അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെ കൈയേറ്റം ചെയ്യുകയും നഴ്സുമാരെ അസഭ്യവർഷം നടത്തി എന്നുമാണ് കേസ്.
ഒരേ ഒ.പി ടിക്കറ്റിൽ രണ്ടുപേരെ ചികിത്സിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ഡോക്ടർ ഈ ആവശ്യം നിരസിച്ചതോടെ ജീവനക്കാർക്കെതിരെ തിരിയുകയും ആശുപത്രിയിൽ സംഘർഷം രൂപപ്പെടുകയുമായിരുന്നു. സുരക്ഷ ജീവനക്കാരും മറ്റുള്ളവരും എത്തിയതോടെ പ്രതികൾ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
സമീപ സ്ഥലങ്ങളിലെ സി.സി.ടി.വി കാമറകളിൽനിന്ന് ലഭിച്ച വിവരങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു പ്രതികൾക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.