കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ശീതീകരിച്ച കാത്തിരിപ്പുമുറിയും മാലിന്യനിക്ഷേപ കേന്ദ്രവും സജ്ജം
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വിശ്രമിക്കാൻ ശീതീകരിച്ച കാത്തിരിപ്പുമുറിയും മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ മൈക്രോ എം.സി.എഫും സജ്ജമായി. ശീതീകരിച്ച വിശ്രമകേന്ദ്രം ശനിയാഴ്ച രാവിലെ 10.30ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മൈക്രോ എം.സി.എഫും മന്ത്രി നാടിന് സമർപ്പിക്കും.
പ്രവേശനത്തിന് ടിക്കറ്റ്
മണിക്കൂറിന് 20 രൂപ ടിക്കറ്റ് വെച്ചാണ് ശീതീകരിച്ച മുറിയിൽ വിശ്രമിക്കാൻ സൗകര്യമൊരുക്കിയത്. മണിക്കൂർ കഴിഞ്ഞാൽ തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപ നൽകണം. ബസ് സ്റ്റാൻഡിൽ ടിക്കറ്റ് റിസർവേഷൻ, അന്വേഷണ കൗണ്ടറിനോട് ചേർന്നാണ് എ.സി വിശ്രമമുറി. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
480 സ്ക്വയർഫീറ്റ് വീതിയിലാണ് ലോഞ്ച്. 36 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. വനിതകൾക്ക് മാത്രമായി ഒമ്പത് സീറ്റും കുടുംബമായി എത്തുന്നവർക്ക് ഇരിക്കാൻ 27 സീറ്റുമാണുള്ളത്. ആവശ്യത്തിനനുസരിച്ച് സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദീർഘദൂര യാത്രക്കായി എത്തുന്ന കുടുംബങ്ങൾക്കും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും ഇത് ഏറെ ഉപകാരപ്രദമാകും. നേരത്തെ തിരുവനന്തപുരം അങ്കമാലി സ്റ്റാൻഡുകളിൽ എ.സി വിശ്രമമുറി തുറന്നിട്ടുണ്ട്. 22 ലക്ഷം രൂപ ചെലവിലാണ് കമ്പനി വിശ്രമമുറികൾ ഒരുക്കുന്നത്.
ഉദ്ഘാടനത്തിനിടയിലും പരാതി
കെ.എസ്.ആർ.ടി.സി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനുള്ള എ.സി വിശ്രമമുറി സാധാരണക്കാരായ യാത്രക്കാർക്ക് ഇരിക്കാൻ ഇപ്പോഴുള്ള പരിമിത സൗകര്യം അപഹരിക്കുമെന്ന് പരാതിയുയർന്നിരുന്നു. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ഇവിടെ ഇരിപ്പിടം ഇപ്പോഴുമില്ല. ഉദ്ഘാടനച്ചടങ്ങിന് മന്ത്രിയൊഴികെ മറ്റു ജനപ്രതിനിധികളെ ക്ഷണിക്കാത്തതും പരാതിക്കിടയാക്കി. എന്നാൽ, മുറി പണിതുനൽകിയ സ്വകാര്യ കമ്പനിയുടേതാണ് ഉദ്ഘാടനച്ചടങ്ങെന്ന് അധികൃതർ അറിയിച്ചു.
മൈക്രോ എം.സി.എഫ് ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയിൽ
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മൈക്രോ എം.സി.എഫ് സജ്ജമാക്കിയത്. കോഴിക്കോട് ജില്ല ശുചിത്വ മിഷന്റെ നിർദേശാനുസരണം വടകര നഗരസഭയിലെ ഹരിയാലിലാണ് ഇതിനുള്ള രൂപകൽപന നൽകിയത്. പ്ലാസ്റ്റിക് കവറുകൾ, കടലാസ്, കാർഡ്ബോർഡ്, ഗ്ലാസ്, തുണികൾ ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിക്കാൻ പ്രത്യേകം അറകൾ സജ്ജീകരിച്ചിട്ടുണ്ട്.
എട്ടടി നീളത്തിലും ഒന്നര അടി വീതിയിലും രണ്ടര അടി ഉയരത്തിലുമാണ് രൂപകൽപന ചെയ്തത്. സംസ്ഥാന സർക്കാറിന്റെ പരിസ്ഥിതി മിത്രം അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ മണലിൽ മോഹനൻ ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി.എം. നാസറിന് സംവിധാനം കൈമാറി. ശുചിത്വമിഷൻ ജില്ല അസി. കോഓഡിനേറ്റർമാരായ കെ.പി. രാധാകൃഷ്ണൻ, സി.കെ. സരിത്ത്, കെ.എസ്.ആർ.ടി.സി കോഓഡിനേറ്റർ എസ്. റഫീഖ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.