കോടി വിലയുള്ള സ്ഥലം വിട്ടു നൽകി പ്രവാസി; അത്തോളിക്ക് ഇനി സ്വന്തം കളിമൈതാനം
text_fieldsഅത്തോളി: പൊതുകളിയിടം ഇല്ലെന്ന പരാതി അത്തോളിക്കാർക്ക് ഇനിയില്ല. പ്രവാസിയുടെ കരുതലിൽ പഞ്ചായത്തിലെ യുവജനങ്ങളുടെയും കായികപ്രേമികളുടെയും ചിരകാല അഭിലാഷമായ കളിസ്ഥലം ഉടൻ യാഥാർഥ്യമാകും.
പ്രവാസിയും മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റുമായ സാജിദ് കോറോത്താണ് പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഒരു ഏക്കർ 11 സെന്റ് പൊതുകളിസ്ഥലത്തിന് വിട്ടുനൽകിയത്. സംസ്ഥാന പാതയിൽ വേളൂരിൽ നിന്നും 200 മീറ്റർ അകലെ കിഴക്കയിൽ മീത്തൽ ഭാഗത്താണ് സ്ഥലം. ഇവിടേക്കുള്ള റോഡും സാജിദ് കോറോത്ത് നൽകും. പഞ്ചായത്തിന് പൊതുകളിയിടം ഇല്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാണ് ഭൂമി വിട്ടുനൽകുന്നതെന്ന് സാജിദ് കോറോത്ത് പറഞ്ഞു.
ഭൂമി വിട്ടുനൽകിക്കൊണ്ടുള്ള സമ്മതപത്രം സാജിദ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന് കൈമാറി. സ്ഥലത്ത് ആധുനിക രീതിയിലുള്ള മിനി സ്റ്റേഡിയം നിർമിക്കുമെന്ന് അവർ പറഞ്ഞു. സ്റ്റേഡിയത്തിന് സി.എച്ച്. മുഹമ്മദ് കോയയുടെ പേരു നൽകും.
ചടങ്ങിൽ വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കൽ അധ്യക്ഷ്യത വഹിച്ചു. വാർഡ് അംഗങ്ങളായ ബിന്ദു രാജൻ, സുനീഷ് നടുവിലയിൽ, എ.എം. വേലായുധൻ, ബൈജു കൂമുള്ളി, രാഷ്ടീയ കക്ഷി പ്രതിനിധികളായ ജൈസൽ കമ്മോട്ടിൽ, പി.കെ. രാജൻ, എം.സി. ഉമ്മർ, സി.എം. സത്യൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.എം. സരിത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എ. ഇന്ദു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.