അത്തോളി പൊലീസ് സ്റ്റേഷൻ മാർച്ച്: വനിത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 10 പേർ റിമാൻഡിൽ
text_fieldsഅത്തോളി: അത്തോളി പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 10 കോൺഗ്രസ് നേതാക്കൾ റിമാൻഡിലായി. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പായിരുന്നു ചുമത്തിയത്. ഇവരുടെ ജാമ്യാപേക്ഷ ജില്ല കോടതിയും ഹൈകോടതിയും തള്ളിയിരുന്നു.
ഹൈകോടതി നിർദേശത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പത്തരയോടെ അത്തോളി എസ്.ഐ ആർ. രാജീവിന് മുമ്പാകെയാണ് ഇവർ കീഴടങ്ങിയത്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ജൈസൽ അത്തോളി, അത്തോളി മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട്, ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ്, അജിത്ത് കുമാർ കരിമുണ്ടേരി, മോഹനൻ കവലയിൽ, അഡ്വ. സുധിൻ സുരേഷ്, സതീഷ് കന്നൂർ, നാസ് മാമ്പൊയിൽ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷമീൻ പുളിക്കൂൽ എന്നിവരാണ് അറസ്റ്റിലായത്.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജനെ മഞ്ചേരി സബ് ജയിലിലേക്കും മറ്റുള്ളവരെ കൊയിലാണ്ടി സബ് ജയിലിലേക്കും മാറ്റി.കഴിഞ്ഞ മാസം 20നായിരുന്നു കേസിനാസ്പദമായ സംഭവം. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ കെ.പി.സി.സി സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷൻ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു.
അത്തോളി സ്റ്റേഷൻ മാർച്ചിൽ സമരക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് പരിക്കേറ്റ സംഭവത്തിലാണ് മാർച്ചിന് നേതൃത്വം നൽകിയ 12ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നത്.
ഈ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് താരിഖ് അത്തോളി, ഉള്ള്യേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി ലിനീഷ് കുന്നത്തറ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ലിനീഷിന്റെ അറസ്റ്റും തുടർന്ന് അദ്ദേഹത്തിന്റെ അമ്മയുടെ മരണവും പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരാൻ ഇടയാക്കിയിരുന്നു.
കീഴടങ്ങാനെത്തിയ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എൻ.എസ്.യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ എത്തിയിരുന്നു. മെഡിക്കൽ പരിശോധനക്കുശേഷമാണ് പ്രതികളെ പേരാമ്പ്ര കോടതിയിലേക്ക് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.