അപകടഭീഷണി ഉയർത്തി അത്തോളി അങ്ങാടിയിലെ ജീർണിച്ച കെട്ടിടങ്ങൾ
text_fieldsഅത്തോളി: പാവങ്ങാട്- ഉള്ള്യേരി സംസ്ഥാന പാതയിൽ പഴയ അത്തോളി അങ്ങാടി സ്ഥിതിചെയ്തിരുന്ന ഭാഗത്തെ വർഷങ്ങൾ പഴക്കമുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ ജീർണിച്ച കെട്ടിടങ്ങൾ ജനങ്ങൾക്ക് ഭീഷണിയാവുന്നതായി പരാതി.
ഇന്നലെ രാവിലെ കനത്ത മഴയിൽ ഈ ഭാഗത്തെ ജീർണിച്ച കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റിരുന്നു. ഈ വർഷവും കഴിഞ്ഞ കാലവർഷത്തിലും സമാനമായ രീതിയിൽ ഇവിടെയുള്ള കെട്ടിടങ്ങൾ തകർന്നിരുന്നു. വീഴാറായ കെട്ടിടങ്ങൾ ഇനിയും ഈ ഭാഗത്ത് റോഡിനോട് ചേർന്ന് കിടക്കുന്നുണ്ട്. അത്തോളി സഹകരണ ആശുപത്രിക്കും കുനിയിൽ കടവ് ജങ്ഷനും ഇടയിലുള്ള സ്ഥലത്താണ് ഈ കെട്ടിടങ്ങളുള്ളത്.
കെട്ടിടങ്ങളുടെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാർ ഗ്രാമപഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിനും നിരവധി തവണ പരാതി നൽകിയിരുന്നു. ഇവ പൊളിച്ചുമാറ്റാൻ ഉടമകൾക്ക് അധികൃതർ നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കനത്ത മഴയിൽ ഇന്നലെ വീണ കെട്ടിടത്തോട് ചേർന്നുള്ള ഇരുനില കെട്ടിടവും ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. റോഡു വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരും എന്നതിനാലാണ് ഉടമകൾ ഇവ ഒന്നും ചെയ്യാതെ നിർത്തിയിരിക്കുന്നത് എന്നാണു അറിയാൻ കഴിഞ്ഞത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മാസങ്ങൾക്കുമുമ്പ് ഈ ഭാഗത്ത് അളവ് നടന്നിരുന്നു.
എന്നാൽ തുടർനടപടികൾ ഒന്നും ഉണ്ടായില്ല. സംസ്ഥാനപാതയിൽ റോഡിനു വീതി വളരെ കുറവായ ഈ ഭാഗത്ത് വാഹനങ്ങൾ പലപ്പോഴും ഗതാഗതക്കുരുക്കിൽ പെടാറുണ്ട്. കാൽനടയാത്രികരും വാഹനങ്ങളും ഇടതടവില്ലാതെ കടന്നുപോകുന്ന ഈ ഭാഗത്ത് വീഴാൻ തയാറായി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ അധികൃതർ നടപടിയെടുക്കാത്ത പക്ഷം വലിയ അപകടങ്ങൾക്ക് കാതോർക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.