ജനകീയ പ്രതിഷേധം ഫലം കണ്ടു; തെറ്റിമലയിലെ മണ്ണെടുപ്പ് നിർത്തി
text_fieldsഅത്തോളി: ഗ്രാമപഞ്ചായത്തിലെ കൊടശ്ശേരി തെറ്റിമലയിലെ വ്യാപകമായ മണ്ണെടുപ്പിനെതിരെ പ്രദേശവാസികൾ നടത്തിയ ജനകീയ പ്രതിരോധം ഒടുവിൽ ഫലം കണ്ടു. മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നൂറുകണക്കിന് ലോഡ് മണ്ണാണ് ദേശീയപാത വികസനത്തിന്റെ പേരിൽ വലിയ ടോറസ് ലോറികളിൽ മലയിൽ നിന്നും കടത്തിയത്.
വർഷങ്ങൾക്കു മുമ്പും ഇവിടെനിന്ന് മലയിടിച്ച് മണ്ണ് കടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞിരുന്നു. ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണു കൊണ്ടുപോകുന്നത് എന്നാണു കരാർ കമ്പനി നൽകുന്ന വിശദീകരണം. എന്നാൽ നിയമം ലംഘിച്ച് അവധി ദിവസങ്ങളിൽ പോലും മണ്ണ് കടത്തുന്നതായും ഭാവിയിൽ മല പൂർണമായും ഇല്ലാതാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ലോറികൾ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തെ തുടർന്ന് അത്തോളി പൊലീസ് സ്ഥലത്തെത്തിയിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന സർവകക്ഷി യോഗത്തിൽ വില്ലേജ് ഓഫിസർ പി.ടി. സുനന്ദ, കൃഷി ഓഫിസർ സുവർണ, കരാർ കമ്പനി പ്രതിനിധികൾ, അത്തോളി പൊലീസും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രദേശവാസികളുടെ ആശങ്ക ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ പറഞ്ഞു. ചന്ദ്രൻ പൊയിലിൽ, കെ. നളിനാക്ഷൻ, കെ.വി. കുമാരൻ, കെ.ടി.കെ. ബശീർ, തെറ്റിമല സംരക്ഷണ സമിതി ഭാരവാഹികളായ വി.കെ. രമേശ് ബാബു, പി. അജിത് കുമാർ, ഗിരീഷ് ത്രിവേണി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.