അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
text_fieldsഅത്തോളി: നിരവധി കവർച്ചക്കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവിനെ കുറ്റിക്കാട്ടൂരിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ (48) ആണ് പിടിയിലായത്. കുറ്റിക്കാട്ടൂരിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇയാളെ വെള്ളിയാഴ്ച രാത്രിയാണ് പിടികൂടിയത്. പ്രതിയെ പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കോഴിക്കോട് അത്തോളി പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസുമായി ബന്ധപ്പെട്ട് ഒരുമാസമായി മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ നിരവധി കവർച്ചക്കേസുകളിൽ പ്രതിയാണ് പിടിയിലായ വിജയനെന്ന് പൊലീസ് പറഞ്ഞു.
അത്തോളി കോടശ്ശേരി സ്വദേശി തെറ്റികുന്നുമ്മൽ റഷീദിന്റെ വീട്ടിൽനിന്ന് കഴിഞ്ഞ മാസം 28ന് 14 പവൻ സ്വർണം മോഷണംപോയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അന്വേഷണമാണ് അന്തർസംസ്ഥാന മോഷ്ടാവിന്റെ അറസ്റ്റിൽ എത്തിയത്. കോടശ്ശേരി സ്വദേശി റഷീദും കുടുംബവും വീട് പൂട്ടി ആലപ്പുഴയിൽ പോയ സമയത്തായിരുന്നു മോഷണം. വിജയനും കൂട്ടാളിയും വാതിൽ തകർത്താണ് അകത്ത് കടന്നത്.
2007ൽ മാവൂരിൽ വിഭാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് വിജയൻ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ പ്രതിയുടെ പേരിൽ നൂറിലധികം കവർച്ചക്കേസുകൾ ഉണ്ട്. കോഴിക്കോട് മലാപ്പറമ്പിൽ താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽനിന്ന് 45 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പിടിയിലായി ആറ് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. വിജയന്റെ കൂട്ടാളിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ തമിഴ്നാട്ടിൽ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. കോഴിക്കോട് റൂറൽ എസ്.പി എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക സംഘം കുറ്റവാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അന്വേഷണസംഘത്തിൽ ഡിവൈ.എസ്.പിക്ക് പുറമേ സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, കെ.പി. രാജീവൻ, പി. ബിജു, അത്തോളി സബ് ഇൻസ്പെക്ടർ രഘുനാഥൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.വി. ഷാജി എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.