അത്തോളി കൂമുള്ളിയിൽ കടുവയെ കണ്ടതായി സംശയം
text_fieldsഅത്തോളി: കൂമുള്ളിയിൽ കടുവയെ കണ്ടെന്ന സംശയത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് കൂമുള്ളി വായനശാല-പുത്തഞ്ചേരി റോഡിൽ തോട്ടത്തിൽ സെയ്തുവിന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ കടുവയെ കണ്ടതായി സമീപത്തെ വീട്ടുകാരൻ പരിസരവാസികളെ അറിയിച്ചത്. വിവരമറിഞ്ഞ ഉടനെ അത്തോളി പൊലീസ് സ്ഥലത്തെത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെ കക്കയം ഫോറസ്റ്റ് ഓഫിസിലെ സംഘം സ്ഥലത്ത് എത്തി രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്തിയില്ല.
തുടർന്ന് ചൊവ്വാഴ്ച പകൽ പുനരാരംഭിച്ച തിരച്ചിൽ ഉച്ചക്കാണ് അവസാനിപ്പിച്ചത്. കടുവയെ കണ്ടതായി പറഞ്ഞ വ്യക്തി സംഭവസമയം ജീവിയുടെ അവ്യക്തമായ പടം ഫോണിൽ പകർത്തിയിരുന്നു. അതുകൊണ്ടു തന്നെ ജനങ്ങളുടെ ആശങ്ക നിലനിൽക്കുകയാണ്.
പെരുവണ്ണാമൂഴി റേഞ്ച് ഓഫിസർ എൻ.കെ. പ്രഭീഷിന്റെയും ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. ഷാജീവിന്റെയും നേതൃത്വത്തിൽ രണ്ടിടങ്ങളിൽ സെൻസർ കാമറ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില തെറ്റായ വാർത്തകളും ചിത്രങ്ങളും ആളുകളിൽ ഭീതി പടർത്തിയിട്ടുണ്ട്. വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അഭ്യർഥിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നിയമനടപടി എടുക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. സംഭവത്തിൽ വ്യക്തത വരുന്നതുവരെ കാടുപിടിച്ച സ്ഥലങ്ങൾക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.